ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ദുബായ് പോലീസ്: മൃതദേഹം കണ്ടെത്തിയത് ബാത്ത്ടബ്ബില്‍

single-img
26 February 2018

ദുബായ്: ദുബായില്‍ വച്ച് മരണപ്പെട്ട നടി ശ്രീദേവിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നടി ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം. നടിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വിശദമായ പരിശോധനയിലാണ് മുങ്ങിമരണമാണെന്ന് കണ്ടെത്തിയത്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരത്തിന് കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി.

അസ്വാഭാവിക മരണം എന്ന നിലയ്ക്കാണ് ദുബായ് പോലീസ് മൃതദേഹം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി തുടങ്ങി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ന് രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായി മുംബൈയില്‍ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബായ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം എംബാം ചെയ്ത ശേഷമാകും ഇന്ത്യയിലേക്ക് കൊണ്ടുവരിക.

ശ്രീദേവിയുടെ ബന്ധുക്കളേയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരേയും മൃതദേഹം കാണിച്ചിരുന്നു. മൃതദേഹം വിട്ടുകിട്ടാത്തതിനാല്‍ സംസ്‌കാരം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീദേവിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെയാണ് പൂര്‍ത്തിയായത്.

ഫോറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നത്. ശനിയാഴ്ച രാത്രി കുളിമുറിയില്‍ കുഴഞ്ഞു വീണ ശ്രീദേവിയെ റാഷിദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും, അതിനുമുന്‍പേ മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ വേണ്ടി വന്നത്.

ഫൊറന്‍സിക് റിപ്പോര്‍ട്ട് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ കോപ്പി വാങ്ങി മരണസര്‍ട്ടിഫിക്കറ്റും എംബാമിങ്ങും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നീക്കത്തിലാണു കുടുംബം.

സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്വന്തമാക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേക്കു പോയി. ഇവിടെനിന്നും റിപ്പോര്‍ട്ട് എത്തിച്ചശേഷം മാത്രമേ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.

യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ശനിയാഴ്ച രാത്രിപതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം ശ്രീദേവി കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയെന്നും ഇവിടെവച്ച് ബാത്ത് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നുമുള്ള വാര്‍ത്തകള്‍ ഇന്നലെ വൈകുന്നേരത്തോടെയെത്തിയിരുന്നു.