ശ്രീദേവിയുടെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും

single-img
26 February 2018


മുംബൈ: ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കുമെന്ന് കുടുംബം അറിയിച്ചു. ശനിയാഴ്ച തന്നെ പോസ്റ്റുമോര്‍ട്ടം നടന്നെങ്കിലും ഇതുവരെ കുടുംബത്തിന് മൃതദേഹം കൈമാറിയിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കു എന്ന് ദുബായ് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം പത്തരയോടു കൂടി റിപ്പോര്‍ട്ട് ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ മരണകാരണത്തില്‍ വ്യക്തത വന്നാല്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കും.
ശനിയാഴ്ച രാത്രിയിലാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ശ്രീദേവി അന്തരിച്ചത്.

ശ്രീദേവിയുടെ അകാല നിര്യാണത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബം പ്രാര്‍ഥനകള്‍ക്കും പിന്തുണക്കും എല്ലാവരോടും നന്ദി പറയുന്നതായി വാര്‍ത്തകുറിപ്പില്‍ വക്താവ് അറിയിച്ചു. എന്തെങ്കിലും വിവരം അറിയണമെങ്കില്‍ കുടുംബാംഗങ്ങളെ ഒഴിവാക്കി തങ്ങളെ വിളിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.