യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു; കെ.സുധാകരന്‍ നാളെ സമരം അവസാനിപ്പിക്കും: ഷുഹൈബിന്റെ കുടുംബം സമരത്തിലേക്ക്

single-img
26 February 2018

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ച കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അവര്‍ സമരം അവസാനിപ്പിച്ചത്. എട്ട് ദിവസമായി നടത്തിവന്ന സമരത്തെ തുടര്‍ന്ന് ഡീനിന്റേയും മഹേഷിന്റേയും ആരോഗ്യനില മോശമായതോടെ ഇവരെ പൊലീസ് ബലമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിന് പിന്നാലെ സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ പ്രഖ്യാപിച്ചു. തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്. അതേസമയം ഷുഹൈബിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും.

വൈകിട്ട് മൂന്നിനു മുതിര്‍ന്ന നേതാവ് വയലാര്‍ രവി നാരങ്ങാനീര് നല്‍കിയാണു സമരം അവസാനിപ്പിക്കുക. കോടതിയില്‍ പോകാതെ നീതി കിട്ടില്ലെന്നു ബോധ്യമായെന്നു സുധാകരന്‍ പറഞ്ഞു. സിബിഐ വരുമെന്നു പ്രതീക്ഷിച്ചല്ല സമരം തുടങ്ങിയത്. സമരം തന്റെ ഉത്തരവാദിത്തമാണ്.

സര്‍ക്കാരിന്റെ മുഖം തുറന്നുകാട്ടാനാണു സമരം നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വത്തിനു കൊലപാതകത്തില്‍ പങ്കുണ്ട്. ജില്ലാനേതൃത്വം കുടുങ്ങുമെന്നു വന്നതോടെയാണു സര്‍ക്കാര്‍ നിലപാടുമാറ്റിയത്. സിബിഐ അന്വേഷണമാകാം എന്ന മന്ത്രി എ.കെ.ബാലന്റെ വാക്ക് ജില്ലാഘടകം അട്ടിമറിച്ചെന്നും സുധാകരന്‍ ആരോപിച്ചു.

അതിനിടെ ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഷുഹൈബിന്റെ കുടുംബം രംഗത്തെത്തി. സിബിഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. ഇനിയാരും ഇങ്ങനെ കൊല്ലപ്പെടരുതെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരാഹാരസമരം തുടങ്ങുമെന്ന് ഷുഹൈബിന്റെ സഹോദരി ശര്‍മില പറഞ്ഞു.