ഷുഹൈബ് വധത്തില്‍ കലങ്ങിമറിഞ്ഞ് നിയമസഭ: മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

single-img
26 February 2018

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ ഷുഹൈബിന്റെ ചിത്രങ്ങളുള്ള പ്‌ളക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും അധികം നീണ്ടില്ല. തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും അത് നല്‍കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞെങ്കിലും അംഗങ്ങള്‍ ശാന്തരായില്ല. സ്പീക്കറുടെ ഇരിപ്പിടത്തിന് മുമ്പില്‍ കൂട്ടമായി നിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

ബഹളം രൂക്ഷമായതോടെ പത്തു മിനിട്ടിനകം സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സ്പീക്കര്‍ ഓഫീസിലേക്ക് പോയി. വീണ്ടും സഭ തുടങ്ങിയതോടെ ഷുഹൈബ് വധത്തില്‍ ഉന്നത തല ബന്ധമുണ്ടെന്നും പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ മാത്രം ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടി സംസാരിക്കുമ്പോള്‍ സണ്ണി ജോസഫ് ആരോപിച്ചു.

ഷുഹൈബിനെ കൊല്ലിച്ചവരെ മുഴുവന്‍ പിടികൂടണം. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. കേസില്‍ പിടിയിലായ ആകാശ് തില്ലങ്കേരിയ്ക്ക് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനുമായി അടുത്ത ബന്ധമുണ്ട്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ രണ്ട് പേരാണ് ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ സഭയെ അറിയിച്ചു. സംഭവത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇതിനിടെ സി.പി.എം അംഗങ്ങളായ എ.എന്‍ ഷംസീറടക്കം ചിലര്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ തിരിഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലെ വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് സഭാ നടപടികള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും മാദ്ധ്യമങ്ങളെ വിലക്കി. അല്‍പ നേരത്തിനകം ഗ്യാലറിയില്‍ നിന്നും മാദ്ധ്യമ പ്രവര്‍ത്തകരെ പുറത്താക്കി.

സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ബാനറുകള്‍ ഉയര്‍ത്തിയത് ശരിയായില്ലെന്നും വീണ്ടും ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ താക്കീത് നല്‍കി. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പുറത്ത് വലിയ പ്രതിഷേധം നടക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ സഭയിലുമുണ്ടാകും. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ താക്കീത് ഖേദകരമാണെന്ന് ചെന്നിത്തല പറഞ്ഞു.