ഷുഹൈബ് വധം: പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍; ചോദ്യോത്തരവേള റദ്ദാക്കി

single-img
26 February 2018


തിരുവനന്തപുരം: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം ഉന്നയിച്ച് നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല.

തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയായിരുന്നു. സഭ ആരംഭിച്ചതോടെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ വെല്ലിനടുത്തേക്ക് നീങ്ങി. ഷുഹൈബിന്റെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

സ്പീക്കറുടെ മുഖത്തിനുനേര്‍ക്കും പ്ലക്കാര്‍ഡുകള്‍ നീട്ടി. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ വഴങ്ങിയില്ല. ബഹള കാരണം ചോദ്യോത്തരവേള റദ്ദാക്കി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭാതളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.

ഷുഹൈബ് വധുക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.