ബധിരയും മൂകയുമായ യുവതി പീഡനത്തിനിരയായി; പീഡിപ്പിച്ചത് കേള്‍വിശക്തിയില്ലാത്ത ആള്‍

single-img
26 February 2018

മുംബൈ: ബധിരയും മൂകയുമായ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. മുംബൈയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്ത ആളാണ് പീഡിപ്പിച്ച യുവാവും.

പീഡനത്തിനിരയായ യുവതി വീട്ടിലെത്തി ഭര്‍ത്താവിനെ കാര്യം അറിയിച്ചു. യുവതിയുടെ അതേ ശാരീരിക കുറവുകളുള്ള ഭര്‍ത്താവ് ബന്ധുക്കളായ രണ്ടുപേരെയും കൂട്ടി പ്രതിയുടെ വീട്ടിലെത്തി. എന്നാല്‍ പ്രതിയും സഹോദരനും ചേര്‍ന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ക്രൂരമായി മര്‍ദിച്ചു.

ഇതേ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച യുവതിയും ഭര്‍ത്താവും വകോലയിലുള്ള പൊലീസ് സ്റ്റേഷനിലെത്തി. ഇരുവരും സംസാരശേഷിയോ കേള്‍വിശേഷിയോ ഇല്ലാത്തവരായതിനാല്‍ പൊലീസിന് ഇവര്‍ പറയുന്നത് മനസിലാക്കാന്‍ ആദ്യം സാധിച്ചില്ല.

അറിയാവുന്ന രീതിയിലൊക്കെ ആംഗ്യങ്ങളും ചേഷ്ടകളും കാണിച്ചെങ്കിലും പൊലീസ് സംഘം നിസഹായരായി. ഒടുവില്‍ ബധിര മൂക ഭാഷ മനസിലാക്കാന്‍ പരിശീലനം ലഭിച്ച ആളുകളെ തേടാന്‍ പൊലീസ് തീരുമാനിച്ചു. നിരവധി പേരെ സമീപിച്ചെങ്കിലും ആര്‍ക്കും സഹായിക്കാനായില്ല.

ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഒരാളെ കണ്ടെത്താനായത്. ഇയാളുടെ സഹായത്തോടെ ദമ്പതികള്‍ തങ്ങള്‍ അനുഭവിച്ച അതിക്രമം വിവരിക്കുകയും ചെയ്തു. അക്രമിയായ യുവാവിനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് പ്രധാന പ്രതിയെ അറസ്റ്റു ചെയ്തു. ഇയാളെ ഫെബ്രുവരി 27വരെ പോലീസ് റിമാന്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ സഹോദരന്‍ ഒളിവിലാണ്.