മോദിയുടെ ഇമേജ് കൂട്ടാന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും ബി.ജെ.പി പാളയത്തിലേക്ക്

single-img
26 February 2018

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളുടെ സൂത്രധാരനായിരുന്ന പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് ബിജെപി അദ്ദേഹത്തെ സമീപിച്ചതായും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2019ലെ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പ്രചാരണ പരിപാടികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. ആറ് മാസമായി ഇരുവരും പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പി പാളയത്തിലേക്ക് എത്തുകയാണെങ്കില്‍ മോദിയുടെ വ്യക്തിപരമായ ബ്രാന്‍ഡിംഗിന് വേണ്ടിയായിരിക്കും കിഷോര്‍ പ്രവര്‍ത്തിക്കുക.

ബി.ജെ.പി പാളയം വിട്ടതിന് ശേഷം 2015ല്‍ ബീഹാറില്‍ നിതീഷ് കുമാറിന് വേണ്ടിയും കോണ്‍ഗ്രസിന് വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. ബീഹാറില്‍ നീതീഷ് കുമാറിന് മികച്ച വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പിന്നീട് പഞ്ചാബിലും ഉത്തര്‍ പ്രദേശിലും കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. പഞ്ചാബില്‍ മികച്ച വിജയം നേടിയെങ്കിലും യു.പിയില്‍ കനത്ത പരാജയമായിരുന്നു കോണ്‍ഗ്രസിനെ കാത്തിരുന്നത്. തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രചാരണം പുറത്ത് നിന്നുള്ളവര്‍ നടത്തേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

2012ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ പിന്നീട് ബിജെപിയുമായി അകലുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള അഭിപ്രായവ്യത്യാസമാണ് ബിജെപി വിടുന്നതിലേയ്ക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.