ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമില്ല: സര്‍ക്കാര്‍ എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല: പിണറായിക്ക് ഭ്രാന്താണെന്ന് സുധാകരന്‍

single-img
26 February 2018

ഷുഹൈബ് വധക്കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. യഥാര്‍ഥപ്രതികളെയല്ല പിടിച്ചതെന്ന് ആക്ഷേപമുണ്ടെങ്കില്‍ ഏത് അന്വേഷണവുമാകാം.

പിടിയിലായത് യഥാര്‍ഥപ്രതികളല്ലെന്ന് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നില്ല. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും. ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പ്രതിയായിരുന്ന നാല്‍പാടി വാസു വധവും മുഖ്യമന്ത്രി സഭയില്‍ പരാമര്‍ശിച്ചു.

എന്നാല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് ഭ്രാന്താണെന്ന് കെ.സുധാകരന്‍ ഇതേപ്പറ്റി പ്രതികരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് സമചിത്തത നഷ്ടപ്പെട്ടു. സി.ബി.ഐ അന്വേഷണം നടത്തുന്നില്ലെന്ന നിലപാട് തന്നെ അലോസരപ്പെടുത്തുന്നില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

ഇത് താന്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പങ്ക് വെളിപ്പെടുമെന്ന് കണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നത്.

നേതൃത്വം അറിയാതെ ആകാശ് തില്ലങ്കേരിയെപ്പോലുള്ളവര്‍ ഇത്തരം കൊലപാതകങ്ങള്‍ ചെയ്യില്ല. ഭാവി സമര പരിപാടികള്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. മരണം വരെ സത്യാഗ്രഹം കിടക്കാന്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബിന്റെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ ഉപവാസ സമരത്തിലാണ് സുധാകരന്‍. സുധാകരന്റെ നിരാഹാര സമരത്തിന്റെ എട്ടാംദിവസമാണ് ഇന്ന്.

അതേസമയം ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ട്. അവര്‍ പ്രതികളെ സംരക്ഷിക്കുകയാണ്.

പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റവും യുഎപിഎയും ചുമത്താത്തതും ദുരൂഹമാണ്. സിബിഐ വന്നാല്‍ ഉന്നതനേതാക്കള്‍ പിടിയിലാകുമെന്നു സര്‍ക്കാരിന് ആശങ്കയാണെന്നും ചെന്നിത്തല ആരോപിച്ചു. സഭ പിരിഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്കു മുന്നിലെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു.

അതേസമയം, പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ നിയമസഭ പിരിഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചു. പ്രതിഷേധം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ഷുഹൈബിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച പ്ലക്കാര്‍ഡുകളും ബാനറുകളുമായാണു പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. മണ്ണാര്‍കാട് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവും അട്ടപ്പാടിയിലെ മധുവിന്റെ മരണവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.