അല്‍പ്പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ മാര്‍ക്‌സിസ്റ്റുകാര്‍ കെട്ടിത്തൂങ്ങി ചാവുകയാണ് വേണ്ടതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍

single-img
26 February 2018

കുമളി: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.പി. ദേശീയ സെക്രട്ടേറിയറ്റംഗവും എം.പിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍. കെഎം മാണിയെ സംസ്ഥാന സമ്മേളനത്തിലെ സെമിനാറില്‍ പങ്കെടുപ്പിച്ച സി.പി.എമ്മിന് ഉളുപ്പില്ലേയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ചോദിച്ചു.

മാണിയെ കള്ളനെന്നും ബാര്‍കോഴക്കാരനെന്നും മുദ്രകുത്തി അധികാരത്തിലേറിയവരാണ് സിപിഎമ്മുകാര്‍. അല്‍പ്പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ മാര്‍ക്‌സിസ്റ്റുകാര്‍ കെട്ടിത്തൂങ്ങി ചാവുകയാണ് വേണ്ടതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ആര്‍.വൈ.എഫ് മധ്യമേഖലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെപ്പോലെ കേരളത്തിലെ പിണറായി സര്‍ക്കാരും സമ്പന്നവര്‍ഗത്തിന് ഓശാന പാടുന്നവരായി മാറി. ഇരു സര്‍ക്കാരുകള്‍ക്കും സാധാരണക്കാരുമായി ബന്ധമൊന്നുമില്ല. വര്‍ഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയമാണ് ഇന്ന് നടക്കുന്നത്.

കാന്തപുരം പോയി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഷുഹൈബിന്റെ മരണത്തെക്കുറിച്ച് പിണറായി വായ തുറക്കില്ലായിരുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. മതേതരത്വത്തിന്റെ വക്താക്കളായ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സി.പി.എമ്മിനും ബി.ജെ.പി.ക്കും അലിഖിതവും അവിശുദ്ധവുമായ കൂട്ടുകെട്ടുണ്ട്.

ബംഗാളിലും ത്രിപുരയിലും പ്രതിഫലിക്കുന്നത് അതാണ്. അധികാരത്തിലെത്തുക, സ്വത്ത് ആര്‍ജിക്കുക എന്നതാണ് ഇരുകൂട്ടരുടെയും അജന്‍ഡ. ഇന്ത്യയില്‍ മോദി ഭരണത്തിന് അറുതിവരണമെങ്കില്‍ ബദല്‍ കോണ്‍ഗ്രസ് മാത്രമാണ്. അല്ലായെന്നുണ്ടെങ്കില്‍ പകരമാര് എന്ന് മാര്‍ക്‌സിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.