തനിക്കെതിരെ നടപടിയെടുക്കാന്‍ അധികാരം മാര്‍പാപ്പയ്ക്ക് മാത്രമെന്ന് കര്‍ദ്ദിനാള്‍: രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്ന് ഹൈക്കോടതി

single-img
26 February 2018

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. ബിഷപ്പ് എന്നാല്‍ രൂപത അല്ലെന്നും സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് കോടതി ആരാഞ്ഞു.

സഭയുടെ ഭൂമിയിടപാടില്‍ താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ അധികാരം മാര്‍പാപ്പയ്ക്ക് മാത്രമാണെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ വാദിച്ചതിനെത്തുടര്‍ന്നാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. കാനോന്‍ നിയമപ്രകാരമാണ് പള്ളിക്കാര്യങ്ങള്‍ നടക്കുന്നതെന്ന് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനുള്ള അധികാരമുള്ളത് മാര്‍പാപ്പയ്ക്ക് മാത്രമാണ്. പരാതിയുമായി പലരും മാര്‍പാപ്പയെ സമീപിച്ചതാണ്. എന്നാല്‍, തനിക്കെതിരെ നീക്കങ്ങളൊന്നും ഉണ്ടായില്ല. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും കര്‍ദ്ദിനാള്‍ അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചു.

നോട്ട് നിരോധനം മൂലമാണ് ഭൂമിയിടപാടില്‍ ഉദ്ദേശിച്ച പണം കിട്ടാതിരുന്നതെന്നും കര്‍ദ്ദിനാള്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. ഐപിസി 460 വകുപ്പ് പ്രകാരം കേസില്‍ വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുകയാണെന്നും കോടതി പറഞ്ഞു.

സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഭ ട്രസ്റ്റല്ല. രൂപതയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ അവകാശമുണ്ടെന്നും കര്‍ദിനാള്‍ ഹൈക്കോടതിയെ അറിയിച്ചു. രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി കര്‍ദിനാളിന് എങ്ങനെ വില്‍ക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചിരുന്നു. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് വിശദമായ പരിശോധന അനിവാര്യമാണെന്നും ഹൈക്കോടതി നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.