ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം: ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചു

single-img
26 February 2018

ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം. ഇതു സംബന്ധിച്ച പരാതി ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചു. രാജ്ഭവനിലെ വനിതാ ജീവനക്കാരോടു ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധന നടക്കുകയാണ്.

അതേസമയം, ഗവര്‍ണറുടെ പേരോ മറ്റു വിവരങ്ങളോ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോപണത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായാണു കാണുന്നതെന്നും തെളിവുണ്ടോയെന്നു പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയെന്നും മന്ത്രാലയത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ആരോപണം തെളിഞ്ഞാല്‍ ഉടന്‍തന്നെ രാജിവയ്ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും. നേരത്തേ, മേഘാലയ ഗവര്‍ണറായിരുന്ന വി.ഷണ്‍മുഖനാഥന് എതിരെ സമാന ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോടു രാജിവച്ചുപോകാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലഭിച്ച പരാതിയില്‍ ആരോപണം സത്യമെന്നു തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി. തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെ 2009ല്‍ സമാന ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം രാജിവയ്ക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീടു തിവാരിയും സ്ഥാനമൊഴിഞ്ഞു.