ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങി; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

single-img
26 February 2018

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ അവസാനിച്ചു. ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. മരണത്തില്‍ ദുരൂഹതയില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ദുബായിലെ ഫോറന്‍സിക് വിഭാഗം സാക്ഷ്യപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സ്വാഭാവികമായ നടപടികക്രമങ്ങള്‍ മാത്രമാണ് ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് തന്നെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് സൂചന.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ മൃതദേഹം വിട്ടുനല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ഫൊറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണു വൈകിയത്. അതേസമയം, ദുബായ് പൊലീസ് ഡോക്ടര്‍മാരുമായി മരണകാരണത്തെക്കുറിച്ച് അറിയാന്‍ ചര്‍ച്ച നടത്തി.

പൊലീസിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടക്കുന്നിടത്ത് എത്തിയിട്ടുണ്ട്. മരണം സംഭവിച്ചത് ആശുപത്രിയില്‍ വച്ചായിരുന്നുവെങ്കില്‍ തുടര്‍ നടപടികള്‍ എളുപ്പത്തില്‍ നടന്നേനെ. മാത്രമല്ല മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതില്‍ യാതൊരു തടസവും ഉണ്ടാകുമായിരുന്നില്ല.

എന്നാല്‍ ശ്രീദേവിയുടെ കാര്യത്തില്‍ മരണം സംഭവിച്ചത് ആശുപത്രിയില്‍ എത്തുന്നതിനും മുമ്പായിരുന്നു. അതിനാല്‍ അത് സ്വാഭാവിക മരണമാണെങ്കില്‍പ്പോലും പോലീസിനെ അറിയിച്ച് അവര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്നാണ് നിയമം.

ഇതുപ്രകാരമാണ് പോലീസ് കേസെടുത്തത്. ഇതിന്റെ ഭാഗമായി ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പോലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിച്ചത്.

ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പോലീസിന്റെ ശ്രമം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു ശ്രീദേവിയുടെ ബന്ധു സൗരവ് കപൂറിനെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും മൃതദേഹം കാണിച്ചു. ഫൊറന്‍സിക് റിപ്പോര്‍ട്ട് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ കോപ്പി വാങ്ങി മരണസര്‍ട്ടിഫിക്കറ്റും എംബാമിങ്ങും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നീക്കത്തിലാണു കുടുംബം. സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്വന്തമാക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേക്കു പോയി.

ഇവിടെനിന്നും റിപ്പോര്‍ട്ട് എത്തിച്ചശേഷം മാത്രമേ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെയാണു പൂര്‍ത്തിയായത്.

എംബാമിങ് പൂര്‍ത്തിയാക്കിയ മൃതദേഹം അനില്‍ അംബാനി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലായിരിക്കും മുംബൈയിലേക്കു കൊണ്ടുവരുന്നത്. അന്ധേരി റെയില്‍വേ സ്റ്റേഷനില്‍നിന്നു നാലു കിലോമീറ്റര്‍ അകലെ ലോഖണ്ഡ്‌വാലയെന്ന കൂറ്റന്‍ ആഡംബര ഹൗസിങ് കോംപ്ലക്‌സിലാണു ബോണി കപൂറും കുടുംബവും താമസിക്കുന്നത്.

മരണവാര്‍ത്തയറിഞ്ഞതു മുതല്‍ ആരാധകരും സിനിമാ പ്രവര്‍ത്തകരും ഇങ്ങോട്ടൊഴുകുകയാണ്. മാധ്യമസംഘവും എത്തിയിട്ടുണ്ട്. ലോഖണ്ഡ്‌വാല കോംപ്ലക്‌സില്‍ ശ്രീദേവിയുടെ ചിത്രം സ്ഥാപിച്ചു താമസക്കാര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മെഴുകുതിരി കത്തിച്ചു പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നുമുണ്ട്. മുംബൈ ജുഹു പവന്‍ഹന്‍സ് ശ്മശാനത്തിലാകും സംസ്‌കാരം എന്നാണു ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.