ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

single-img
26 February 2018

കോട്ടയം: ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ആനയെ പിന്നീട് ശാന്തനാക്കി.

മാവേലിക്കര ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര മൈതാനത്ത് കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു സംഭവം. ആറാട്ട് എതിരേല്‍പിനായി ക്ഷേത്രത്തില്‍ നിന്നും പേരൂര്‍ കവലയിലേയ്ക്ക് പോകുന്നതിനിടയില്‍ തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു ആന കുത്തിയതോടെയാണ് ഗണപതി ഇടഞ്ഞത്.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഇതോടെ ആനകള്‍ ചിന്നം വിളിച്ചു. പാപ്പാന്മാര്‍ ഇടപെട്ട് രണ്ട് ആനകളെയും തന്ത്രപരമായി അകത്തി നിര്‍ത്തി. എന്നാല്‍ കുത്തേറ്റ് വേദനയില്‍ കലി പൂണ്ടു നിന്നിരുന്ന ഗണപതി മൈതാനത്തെ വേലിക്കെട്ടിനടുത്ത് നിന്നും തിരിഞ്ഞോടി കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുകയും പരിഭ്രാന്തി പടര്‍ത്തുകയുമായിരുന്നു.

ആനപ്പുറത്തിരുന്ന യുവാവിനെ ഫയര്‍ ഫോഴ്‌സ് സംഘം സാഹസികമായാണ് രക്ഷപെടുത്തിയത്. ഡോ.ശശിദേവ് മയക്കുവെടി വച്ചശേഷം ഫയര്‍ ഫോഴ്‌സിന്റെ കയറുപയോഗിച്ചാണ് ആനയെ തളച്ചത്.

വീഡിയോ കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി