ധോണിയുടെ ഉപദേശം കേട്ടില്ല: റെയ്‌ന അടി ഇരന്നുവാങ്ങി

single-img
26 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ ആവേശകരമായ ജയത്തോടെയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഈ മല്‍സരത്തില്‍ കോഹ്‌ലിക്കു പകരം രോഹിത് ശര്‍മയാണ് ടീം ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ പതിവുപോലെ ബൗളര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ധോണി നല്‍കുന്നുണ്ടായിരുന്നു.

14ം ഓവറില്‍ റെയ്‌നയായിരുന്നു ബൗളിങ്ങിനായി എത്തിയത്. ഇതിനിടെയാണ് ധോണി റെയ്‌നയ്ക്ക് നല്‍കിയ നിര്‍ദേശം മൈക്ക് സ്റ്റംപ് പിടിച്ചെടുത്തത്. ഓവറിന്റെ നാലാമത്തെ ബോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ്ത്യന്‍ ജോങ്കര്‍ ബൗണ്ടറി കടത്തി. ഉടന്‍ തന്നെ റെയ്‌നയ്ക്ക് ധോണി നിര്‍ദ്ദേശം നല്‍കി.

വിക്കറ്റ് ലക്ഷ്യമിട്ട് സ്റ്റംപിന് സ്‌ട്രൈയിറ്റായിട്ട് പന്തെറിയരുത് എന്നായിരുന്നു ധോണി ഉറക്കെ വിളിച്ചുപറഞ്ഞത്. ഇതാണ് മൈക്ക് സ്റ്റംപ് പിടിച്ചെടുത്തത്. 5ാമത്തെ ബോള്‍ റെയ്‌ന അങ്ങനെ എറിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ബൗണ്ടറി കടത്തുമെന്ന് ധോണിക്ക് ഉറപ്പായിരുന്നു.

എന്നാല്‍ റെയ്‌നയാകട്ടെ മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ക്ക് ചെവി കൊടുത്തില്ല. ധോണി പറഞ്ഞതിന് വിപരീതമായി റെയ്‌ന ബോളെറിഞ്ഞു. ജോങ്കറിന്റെ പാഡിനെ ലക്ഷ്യമിട്ടെറിഞ്ഞ ബോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ബൗണ്ടറി കടത്തുകയും ചെയ്തു. ധോണിയുടെ വാക്കുകള്‍ കേള്‍ക്കാതിരുന്ന റെയ്‌ന അടി ഇരന്നുവാങ്ങുകയും ചെയ്തു.

എന്നാല്‍ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ച മല്‍സരത്തില്‍ കളിയിലെ താരം റെയ്‌നയായിരുന്നു. 43 റണ്‍സും ഡേവിഡ് മില്ലറുടെ നിര്‍ണായക വിക്കറ്റും റെയ്‌ന വീഴ്ത്തി.