ചോദ്യങ്ങള്‍ക്ക് മുന്നില്‍ അമിത് ഷായ്ക്ക് ഉത്തരം മുട്ടി: കര്‍ഷകനില്‍ നിന്നും പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചുവാങ്ങി: വീഡിയോ

single-img
26 February 2018

17,15,000 കോടിയുടെ കോര്‍പറേറ്റ് കടം എഴുതി തള്ളാന്‍ നിങ്ങള്‍ക്ക് പണമുണ്ട്. പക്ഷെ 12,60,000 കോടിയുടെ കര്‍ഷക ലോണുകള്‍ എഴുതി തള്ളാന്‍ നിങ്ങള്‍ക്ക് പണമില്ലേ?. സിദ്ധരാമപ്പ അനന്ദോര്‍ എന്ന കര്‍ഷക നേതാവിന്റെ ചോദ്യം കേട്ട് അമിത് ഷാ വിയര്‍ത്തു.

കര്‍ണാടകയിലെ ഹംനാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷക യോഗത്തിലായിരുന്നു ഈ സംഭവം. ആയിരത്തോളം കര്‍ഷകര്‍ അമിതാ ഷായെ കാണാനെത്തിയെങ്കിലും അഞ്ച് പേരെ മാത്രമാണ് ചോദ്യം ചോദിക്കാന്‍ അനുവദിച്ചത്.

കര്‍ഷകരെ അവഗണിക്കുന്ന മോദി സര്‍ക്കാരിന്റെ നയത്തിനെതിരെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ചും ചോദ്യമുന്നയിച്ച കര്‍ഷകന് മറുപടി നല്‍കിയില്ലെന്നു മാത്രമല്ല, മറ്റൊരാള്‍ ചോദ്യമുന്നയിക്കാന്‍ മൈക്ക് വാങ്ങിയപ്പോള്‍ അയാളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു.

‘17,15,000 കോടിയുടെ കോര്‍പറേറ്റ് കടം എഴുതി തള്ളാന്‍ നിങ്ങള്‍ക്ക് പണമുണ്ട്. പക്ഷെ 12,60,000 കോടിയുടെ കര്‍ഷക ലോണുകള്‍ എഴുതി തള്ളാന്‍ നിങ്ങള്‍ക്ക് പണമില്ല. വ്യവസായികളല്ല കര്‍ഷകരാണ് നിങ്ങളെ വോട്ടുചെയ്ത് അധികാരത്തിലെത്തിച്ചതെന്ന് നിങ്ങള്‍ മറക്കരുത്. ഒരു കര്‍ഷക നേതാവ് അമിത് ഷായോട് പറഞ്ഞു. കോര്‍പ്പറേറ്റ് ലോണുകള്‍ എഴുതിത്തള്ളിയിട്ടില്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു, എന്നാല്‍, കര്‍ഷകരുടെ ലോണുകള്‍ സംബന്ധിച്ച് മറുപടി ഉണ്ടായില്ല.

അതേസമയം, കഴിഞ്ഞ ദിവസം അമിത് ഷായെ വിമര്‍ശിച്ചതിന് നിയമ വിദ്യാര്‍ത്ഥിയെ മംഗളുരുവിലെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മംഗളുരുവിലെ വിവേകാനന്ദ കോളജിലെ വിദ്യാര്‍ത്ഥി ജസ്റ്റിനെയാണ് പുറത്താക്കിയത്. അമിത് ഷാ വിവേകാനന്ദ കോളേജ് സന്ദര്‍ശിച്ചതിന് പിന്നാലെ അമിത് ഷായെ വിമര്‍ശിച്ച് ജസ്റ്റിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു

ഇതേതുടര്‍ന്നാണ്‌ ജസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. വിവേകാനന്ദ കോളജിന്റെ പ്രസിഡന്റ് ആര്‍.എസ്.എസ് നേതാവ് പ്രഭാകര്‍ ഭട്ട് എന്നയാളാണ്. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി. വിവേകാനന്ദ കോളജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍.

അമിത് ഷായുടെ വീഡിയോ പോസ്റ്റ് ചെയ്ത് ബണ്ടില്‍ ഷാ എന്ന ഹാഷ്ടാഗ് നല്‍കിയതാണ് കോളജ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ജസ്റ്റിന്‍ അതിന് തയ്യാറായില്ല.

തുടര്‍ന്ന് 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 15 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. അമിത് ഷായുടെ പരിപാടി കോളജ് മാനേജ്‌മെന്റ് സംഘടിപ്പിച്ചതാണ്. അതിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കോളജ് പ്രിന്‍സിപ്പല്‍ കെ.ജി കൃഷ്ണമൂര്‍ത്തി പറഞ്ഞു.