ശ്രീദേവിയുടെ മകളും ബന്ധുക്കളും അനില്‍ കപൂറിന്‍െറ വീട്ടില്‍; മൃതദേഹം നാട്ടിലെത്തിക്കുന്നത് അംബാനിയുടെ വിമാനത്തില്‍

single-img
25 February 2018


മുംബൈ: ശ്രീദേവിയുടെ മരണത്തില്‍ രാജ്യം സങ്കടത്തില്‍ മുങ്ങിയിരിക്കേ മകള്‍ ജാന്‍വിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും. ദുബായില്‍ ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുഷിയും അവസാന നിമിഷങ്ങളില്‍ ശ്രീദേവിക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍, ജാന്‍വി ആദ്യ സിനിമയുടെ ഷൂട്ടിങ് കാരണം നാട്ടിലായിരുന്നു. മരണവാര്‍ത്തയെത്തിപ്പോള്‍ മുംബൈയിലെ വീട്ടില്‍ പ്രിയപ്പെട്ടവരാരും അടുത്തില്ലാതെ ഒറ്റക്കായിരുന്നു ജാന്‍വി.

ബോണിയുടെ സഹോദരിയുടെ മകന്‍െറ വിവാഹത്തിനായി മിക്കവാറും ബന്ധുക്കളും ദുബായിലായിരുന്നു. ബാക്കിയുള്ളവര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലും. ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലാതെ ഒറ്റപ്പെട്ട ജാന്‍വിക്ക് സംവിധായകനും താരത്തിന്‍െറ ആദ്യ സിനിമയായ ധടക്കിന്‍െറ നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ് സാന്ത്വനമായത്. അച്ഛന്‍െറ സഹോദരനായ നടന്‍ അനില്‍ കപൂറിന്‍െറ വീട്ടിലേക്ക് ജാന്‍വിയെ കരണ്‍ ജോഹര്‍ കൊണ്ടുപോയി. മറ്റു ബന്ധുക്കളും അനിലിന്‍െറ വീട്ടിലേക്കാണ് എത്തുന്നത്. ബോണി കപൂറിന്‍െറ ആദ്യ ഭാര്യയിലെ മകനായ നടന്‍ അര്‍ജുന്‍ കപൂര്‍ ഞായറാഴ്ച ഉച്ചയ്ക്ക് ദുബായില്‍ നിന്ന് നേരെ വന്നതും ഇവിടേക്കാണ്. നടി രേഖ,റാണി മുഖര്‍ജി, നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെയുള്ളവര്‍ അനില്‍ കപൂറിന്‍െറ വീട്ടിലെത്തി.

ദുബായില്‍ നിന്ന് ശ്രീദേവിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ അനില്‍ അംബാനി സ്വകാര്യ വിമാനം വിട്ടുനല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദുബായിലേക്ക് പോയ 13 സീറ്റുള്ള വിമാനത്തില്‍ രാത്രിയില്‍ തന്നെ മൃതദേഹം എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുബായിലുള്ള അടുത്ത ബന്ധുക്കളും ഒപ്പം ഇതേ വിമാനത്തില്‍ എത്തും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ജുഹുവിലെ പവന്‍ ഹന്‍സ് ശ്മശാനത്തില്‍ നടക്കുമെന്നാണ് സൂചന.