‘‘കോണ്‍ഗ്രസിനെക്കാള്‍ അഴിമതിയില്ല കേരള കോണ്‍ഗ്രസില്‍’’

single-img
25 February 2018


തൃശൂര്‍: എല്‍.ഡി.എഫില്‍ കെ.എം. മാണിയെയും പാര്‍ട്ടിയെയും സ്വാഗതം ചെയ്യാനുള്ള നീക്കത്തെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ഉള്ളതിനെക്കാള്‍ അഴിമതി കേരള കോണ്‍ഗ്രസില്‍ ഇല്ലെന്ന് കോടിയേരി പറഞ്ഞു. അതേസമയം, കേരള കോണ്‍ഗ്രസിനോടുള്ള നിലപാട് സി.പി.എം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയേ ഇക്കാര്യം ചര്‍ച്ച ചെയ്യാനാകു. സി.പി.എം ഒറ്റക്ക് തീരുമാനമെടുക്കില്ല. മുന്നണിയിലെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും.’’- കോടിയേരി വിശദമാക്കി. സി.പി.ഐ നിഴല്‍ യുദ്ധം നടത്താതെ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് പറയാമെന്ന് പറഞ്ഞ കോടിയേരി, എല്‍.ഡി.എഫിലേക്ക് വരാമെന്ന് മാണി പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ഇടതുപക്ഷം പരമാവധി സീറ്റ് നേടിയാലേ കേന്ദ്രത്തില്‍ മോദിയെ തോല്‍പ്പിക്കാനാകു എന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയാണ് പാര്‍ട്ടിയുടെ മുഖ്യ ശത്രുവെങ്കിലും അവര്‍ക്കെതിരെ നില്‍ക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രാദേശികതലത്തിലെ വികാരപ്രകടനങ്ങളാണ് കൊലപാതകം പോലെയുള്ള അക്രമങ്ങളിലേക്ക് എത്തുന്നതെന്നും കോടിയേരി പറഞ്ഞു. അക്രമം പാര്‍ട്ടിക്ക് നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് അനുഭാവികളെ അടക്കം ബോധ്യപ്പെടുത്തുമെന്നും അറിയിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായെന്നും സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു അഭിപ്രായമേ ഉള്ളു എന്നും കോടിയേരി വിശദമാക്കി.