വ്യത്യസ്ത രുചിക്കൂട്ടുകള്‍ ഒരുക്കി അബുദാബിയിലെ ‘ഖല്‍ബിലെ സ്വാദ്’ ഫുഡ് ഫെസ്റ്റിവല്‍

single-img
25 February 2018

അബുദാബി: വ്യത്യസ്ത രുചിക്കൂട്ടുകള്‍ ഒരുക്കി അബുദാബിയില്‍ ‘ഖല്‍ബിലെ സ്വാദ്’ ഫുഡ് ഫെസ്റ്റിവല്‍. അബുദാബിയിലെ നൂറില്‍ പരം വീട്ടമ്മമാരാണ് ഈ രുചി പെരുമയ്ക്കു പിന്നില്‍. അബുദാബി സുഡാനി ക്ലബ് അങ്കണത്തിലാണ് പരിപാടി നടന്നത്.

അബുദാബി കേരള വനിതാ അസോസിയേഷന്‍ ഒന്നാം വാര്‍ഷിക ആഘോഷ ഭാഗമായി ഒരുക്കിയതാണ് ഖല്‍ബിലെ സ്വാദ് എന്ന ഈ ഫുഡ് ഫെസ്റ്റിവല്‍. മൂവായിരത്തോളം വീട്ടമ്മകളായ അംഗങ്ങളുള്ള കൂട്ടായ്മയാണ് ഇത്. പാചക വിദഗ്ദ്ധ ജുമൈന ഖാദരി ഫുഡ് ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്തു.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അബുദാബിയിലെ വീട്ടമ്മമാര്‍ ഫുഡ് ഫെസ്റ്റിവലില്‍ ഒത്തുകൂടി. എല്ലാവരും അവരവരുടെ നാടിന്റെ പലഹാര പെരുമയെ പരിചയപ്പെടുത്തുന്ന വേദി കൂടിയായി മാറി ഈ ഫെസ്റ്റിവല്‍. ഓരോ വീട്ടമ്മമാരും വീടുകളില്‍ നിന്നും തയാറാക്കി കൊണ്ടുവന്നതാണ് ഈ വിഭവങ്ങള്‍ ഒക്കെ.

വഞ്ചിക്കാരന്‍ കല്ലുമ്മക്കായ, ആടാര്‍ ഐക്കൂറ കിഴി, കുലുക്കി സര്‍ബത് അങ്ങനെ രസകരമായ പേരുകളിലാണ് കാണാനും, രുചിക്കാനും വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൈകളില്‍ വര്‍ണ്ണം ചാലിച്ച് ഹെന്ന ഡിസൈനും, ഫെയിസ് പെയിന്റിംഗ് കലാകാരി രേഷ്മ സൈനുല്‍ ആബിദീന്റെ സാന്‍ഡ് ആര്‍ട്ടും, വിവിധ കലാ പരിപാടികളുമെല്ലാം ഫെസ്റ്റിവെലിന് മാറ്റ് കൂട്ടി.

നാട്ടില്‍ പുറങ്ങളിലെ ചായക്കടകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും ഒക്കെ ഭക്ഷണം കഴിക്കുന്ന അനുഭവമാണ് ഫെസ്റ്റിവല്‍ സമ്മാനിച്ചത്. അന്‍പതോളം വ്യത്യസ്ത ഭക്ഷണ വിഭവ സ്റ്റാളുകളില്‍ നിന്ന് തനി നാടന്‍ ഭക്ഷണങ്ങള്‍ രുചിച്ചറിയാന്‍ ആയിരങ്ങളാണ് മേളയില്‍ പങ്കെടുത്തത്.