വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് വധു വരനെ പച്ചയ്ക്ക് തീകൊളുത്തി

single-img
25 February 2018

ഹൈദരാബാദ്: വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമമെങ്കിലും വരന്റെ മൊഴി ഇരുവരെയും കുടുക്കി.

യക്കയ്യ എന്ന ഇരുപത്തിരണ്ടുകാരനെയാണ് തീകൊളുത്തിയത്. ഫെബ്രുവരി 19ന് ആയിരുന്നു സംഭവം. സംഭവത്തെ കുറിച്ച് രഘുനാഥപളളി പൊലീസ് പറഞ്ഞത് ഇങ്ങിനെ. ഫെബ്രുവരി 21 നാണ് അരുണയും യക്കയ്യയും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നത്.

ഒരു മാസം മുന്‍പാണ് ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹം നിശ്ചയിച്ചുറപ്പിച്ചത്. അരുണയ്ക്ക് അകന്ന ബന്ധുവായ ബാലസ്വാമിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വേഗത്തില്‍ വിവാഹം നടത്താന്‍ മാതാപിതാക്കള്‍ ശ്രമം നടത്തിയത്.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അരുണ വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ പ്രണയബന്ധം ഒഴിയാന്‍ അരുണ തയ്യാറായിരുന്നില്ല. പിന്നീട് ഒരു തരത്തിലും അരുണയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് വന്നതോടെ യക്കയ്യയെ വധിച്ച് തങ്ങളുടെ ആഗ്രഹപ്രകാരം ജീവിക്കാന്‍ അരുണയും ബാലസ്വാമിയും തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 18ന്, യക്കയ്യ വിവാഹശേഷം താമസിക്കാനായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങായിരുന്നു. ഇതില്‍ അരുണയും പങ്കെടുത്തു. തൊട്ടടുത്ത ദിവസം അരുണയുടെ വീടിന് സമീപത്തെത്താന്‍ യക്കയ്യക്ക് അരുണ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ചാണ് മധറാം എന്ന സ്ഥലത്ത് അരുണയുടെ വീടിന് സമീപം യക്കയ്യ എത്തിയത്.

ഇവിടെ വച്ച് അരുണയുടെ സഹായത്തോടെ ബാലസ്വാമിയാണ് യക്കയ്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇതിന് ശേഷം ഇരുവരും ഇവിടെ നിന്ന് മുങ്ങി. യക്കയ്യ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇരുവരുടെയും ശ്രമം. എന്നാല്‍ യക്കയ്യയുടെ മൊഴി ഇരുവരെയും കുടുക്കി, പൊലീസ് പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജങ്കോണ്‍ വാറങ്കല്‍ ദേശീയപാത ഉപരോധിച്ചു. അരുണയും ബാലസ്വാമിയും പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. അരുണയും കാമുകനും ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്.