മൂര്‍ഖന്റെ തല വെട്ടി ചോര കുടിച്ച് അമേരിക്കന്‍ സൈനികര്‍; തായ്‌ലാന്‍ഡിലെ സൈനിക പരിശീലനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

single-img
24 February 2018

തായ്‌ലാന്‍ഡില്‍ പരിശീലനത്തിന് എത്തിയ അമേരിക്കന്‍ സൈനികര്‍ക്ക് നേരിടേണ്ടി വന്നത് ആരെയും ഞെട്ടിക്കുന്ന പരിശീലനം. കൊടുംകാട്ടില്‍ അതീജിവിക്കാനായി പാമ്പിന്റെ തല വെട്ടി ചോര കുടിക്കുന്നതായിരുന്നു ഇവിടത്തെ പ്രധാന പരിശീലനം. അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ ദക്ഷിണകൊറിയന്‍ സൈനികരും പരിശീലനത്തിനെത്തിയിരുന്നു. ഈ സംയുക്ത പരിശീലനത്തിലെ പാമ്പിന്റെ ചോര കുടിക്കുന്ന രംഗങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വനത്തിനകത്ത് ഒറ്റപ്പെട്ടു പോയാല്‍ അതിജീവനത്തിനുള്ള വഴികളില്‍ ഒന്നായാണ് പാമ്പിനെ കൊന്നു ചോര കുടിക്കുക എന്ന മാര്‍ഗ്ഗം തായ്‌ലന്‍ഡ് സൈനികര്‍ പരിശീലിക്കുന്നത്. ഈ മാര്‍ഗമാണ് അമേരിക്കന്‍ സൈനികര്‍ക്കും ദക്ഷിണ കൊറിയന്‍ സൈനികര്‍ക്കും ഇവര്‍ പകര്‍ന്നു കൊടുത്തത്.

പത്തി വിടര്‍ത്തി ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതു മുതലുള്ള കാര്യങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി വിവരിച്ചു നല്‍കുന്നുണ്ട്. ഏറ്റവും ഒടുവിലാണ് ഒരു പാമ്പിന്റെ തല വെട്ടിയ ശേഷം അതിന്റെ ചോര സൈനികരുടെ വായിലേക്ക് ഇറ്റിച്ചു നല്‍കുന്നത്. മത്സ്യത്തിന്റെ സ്വാദായിരുന്നു പാമ്പിന്റെ ചോരയ്‌ക്കെന്നാണ് ഒരാള്‍ പറഞ്ഞു. തേളിനെ ജീവനോടെ ചവച്ചരച്ചു കഴിക്കുന്നതിന്റെയും പാമ്പിനെ ചുട്ടു തിന്നുന്നതിന്റെയും മൂര്‍ഖന്‍ പാമ്പിനെ സൈനികര്‍ ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതോടൊപ്പം കാണാന്‍ സാധിക്കും. നൂറുകണക്കിനാളുകളാണ് സൈനികരുടെ പ്രകടനം കാണാന്‍ തടിച്ചു കൂടിയിരുന്നത്.