അബുദാബിയിലെ ഈ മലയാളി യുവാക്കള്‍ ഒരു മാതൃകയാണ്

single-img
23 February 2018

അബുദാബി: പ്രവാസലോകത്തു ഒഴിവ് സമയം സോഷ്യല്‍മീഡിയക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്ന സമയം വളര്‍ത്തുമൃഗങ്ങള്‍ക്കും, പക്ഷികളോടുമൊപ്പം ചിലവഴിക്കുന്ന അബുദാബിയിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇവര്‍. കുട്ടിക്കാലം മുതല്‍ വളര്‍ത്തു ജീവികളോട് കമ്പം ഉണ്ടായിരുന്ന ചാവക്കാട് സ്വദേശി ആബിദിന്റെയും സുഹൃത്തുക്കളുടെയും താമസ സ്ഥലമാണ് ഇവിടം.

പക്ഷികള്‍ക്കും, മത്സ്യങ്ങള്‍ക്കുമെല്ലാം ഇവിടെ പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിരിക്കുകയാണ് ആബിദും കൂട്ടരും. കിളിനാദം കേട്ടു കൊണ്ടാണ് പ്രഭാതങ്ങളില്‍ ഈ ഫഌറ്റിലുള്ളവര്‍ എഴുന്നേല്‍ക്കാറുള്ളത്. ആറ് വര്‍ഷത്തിലധികമായി ആബിദ് ഈ ശീലം തുടങ്ങിയിട്ട്.

കൂടെ താമസിക്കുന്നവരും പിന്തുണയുമായി കൂടിയപ്പോള്‍, ഇവരുടെ ഒഴിവുസമയം മുഴുവന്‍ ഇവയോടൊപ്പമായി. ഫഌറ്റിന്റെ പരിമിതിക്കുള്ളില്‍ പ്രത്യകം തയ്യാറാക്കിയ കൂടുകളിലാണ് പക്ഷികള്‍ കഴിയുന്നത്. കൂടുതല്‍ സമയവും തുറന്നു വിടുക തന്നെയാണ് പതിവ്.

ക്രോക്‌റ്റൈല്‍, തത്ത, ഫിഞ്ചസ് വിഭാഗത്തില്‍ പെട്ട മനോഹരങ്ങളായ പക്ഷികളാണ് ഇവിടുത്തെ പ്രധാന അന്തേവാസികള്‍. ജഞ്ചര്‍, പനി ഖൂര്‍ഖാ, കസ്സ്, തുളസി ഇല തുടങ്ങിയവയാണ് പക്ഷികളുടെ പ്രധാന ആഹാരം. ചൂട് കാലാവസ്ഥ ഇവയ്ക്കു അനുകൂലമാണ്.

തണുപ്പില്‍ ആണ് കൂടുതല്‍ ഇവയെ ശ്രദ്ധിക്കേണ്ടത്. ഓസ്‌കര്‍, റെഡ് പാരറ്റ്, തുടങ്ങിയ മനോഹരങ്ങളായ മത്സ്യങ്ങളും ഇവിടെ ഇവരുടെ കൂട്ടുകാരാണ്. ഇവയ്ക്കായി ഒരു റൂം തന്നെ ഒരുക്കിയിരിക്കുകയാണ് ആബിതും കൂട്ടരും. ഈ വീട്ടില്‍ അതിഥികളായി എത്തുന്നവര്‍ക്കു ഇഷ്ടമാകുന്നവയെ സമ്മാനമായി നല്‍കാനും ഇവര്‍ക്ക് മടിയില്ല. ഒറ്റകണ്ടീഷന്‍ മാത്രം, അവയെ നന്നായി പരിപാലിക്കണം.