‘യു.എ.ഇയിൽ വിസാമാറ്റത്തിന് സ്വഭാവസർട്ടിഫിക്കറ്റ് ആവശ്യമില്ല’

single-img
22 February 2018

യു.എ.ഇ യിൽ വീസാമാറ്റത്തിന് സ്വഭാവസർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു അധികൃതർ അറിയിച്ചു. പുതിയ തൊഴിൽ വീസയിൽ രാജ്യത്തിനു പുറത്തുനിന്ന് എത്തുന്നവർക്കാണ് സ്വഭാവസർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

സ്വദേശിവൽക്കരണ, മനുഷ്യശേഷി മന്ത്രാലയ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ യിൽ നിലവിലുള്ള വീസ റദ്ദാക്കിയാണ് പുതിയ തൊഴിലിലേക്ക് മാറുന്നതെങ്കിലും പാസ്‌പോർട്ടിൽ പുതിയ വീസ പതിക്കാനുള്ള നടപടികൾക്ക് രാജ്യത്തിനകത്തുള്ള തൊഴിലാളികൾക്ക് സ്വഭാവസർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രാലയ അധികൃതർ വിശദീകരിച്ചത്.

എന്നാൽ, പുതിയ തൊഴിലിലേക്ക് വീസ മാറ്റത്തോടെ മാറുന്നവർ നിലവിലുള്ള വീസ റദ്ദാക്കിയതിന്റെ പകർപ്പ് അപേക്ഷകൾക്കൊപ്പം സമർപ്പിക്കണം. തൊഴിൽ വീസ പുതുക്കുമ്പോഴും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. യുഎഇയിൽ തൊഴിൽ വീസയുമായി ബന്ധപ്പെട്ട് സർക്കാർ ഈ മാസം നാലുമുതലാണ് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്‌.

സ്വകാര്യ മേഖലയിൽ മാത്രമല്ല യു.എ.ഇ യിലെ സർക്കാർ സ്ഥാപനങ്ങളിലേക്കും പുതിയ വീസയിൽ വരുന്ന വിദേശികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
പുതുതായി രാജ്യത്തെ തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നവർ സ്വദേശങ്ങളിൽ നിന്നുള്ള സ്വഭാവസർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്. വിദേശമന്ത്രാലായം മുഖേന സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുകയും വേണം.

അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ഏതെങ്കിലും ഒന്നിലാണ് സർട്ടിഫിക്കറ്റ് തയാറാക്കേണ്ടത്. ഹ്രസ്വകാല വീസയിൽ വരുന്നവരും തൊഴിൽ വീസയിലേക്ക് മാറുമ്പോൾ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സന്ദർശക, ടൂറിസ്റ്റു വീസകളിൽ യുഎഇയിലേക്ക് വരാൻ സർട്ടിഫിക്കറ്റ് വേണ്ട.

ആശ്രിത വീസകളിൽ യുഎഇയിലേക്ക് വരുന്ന കുടുംബങ്ങൾക്കും സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും സ്വദേശിവൽക്കരണ, മനുഷ്യശേഷി മന്ത്രാലയവുമാണ് സ്വഭാവ സർട്ടിഫിക്കറ്റുകളുടെ ചുമതലയും നടപ്പിൽ വരുത്താനുമുമുള്ള നടപടികളും സ്വീകരിക്കേണ്ടത്.