അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് ട്രംപ്

single-img
22 February 2018

വാഷിംഗ്ടണ്‍: അമേരിക്കയിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്‌ളോറിഡ ആക്രമണത്തില്‍ രക്ഷപ്പെട്ട വിദ്യാര്‍ഥികളും, മരിച്ചവരുടെ മാതാപിതാക്കളും ഉള്‍പ്പെട്ട യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷാ ജീവനക്കാരോ ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തടയാമെന്നും അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ട്രംപ് വ്യക്തമാക്കി. അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന പോലെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം അധ്യാപകര്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും ആയുധ പരിശീലനവും, സുരക്ഷ ചുമതലയും നല്‍കി അവരെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും വ്യക്തമാക്കി മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഫ്‌ളോറിഡ വെടിവെയ്പ്പിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം ശക്തമാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക് തോക്കുകളിലുപയോഗിക്കുന്ന ബംപ് സ്റ്റോക്കുകള്‍ നിരോധിക്കണമെന്ന് ഫെബ്രുവരി 20ന് ട്രംപ് നീതി ന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 കുട്ടികളാണ് കൊല്ലപ്പെട്ടത്.