ഷുഹൈബ് വധം: വാഹനം സംഘടിപ്പിച്ചത് ആകാശ് തില്ലങ്കേരിയെന്ന് പോലീസ്; പ്രതികളെ സിപിഎം പുറത്താക്കും

single-img
22 February 2018

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ സാഹചര്യ തെളിവുകള്‍ പുറത്ത്. ഷുഹൈബിനെ വധിക്കുന്നതിന് കൊലയാളി സംഘമെത്തിയ വാഹനം വാടകയ്ക്ക് എടുത്തത് ആകാശ് ആണെന്ന് പോലീസിന് വിവരം ലഭിച്ചു.

മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകള്‍ അടക്കമുള്ളവ പോലീസിന് ലഭിച്ചു. തളിപ്പറമ്പില്‍ നിന്നാണ് സംഘം വാഹനം വാടകയ്ക്ക് എടുത്തത്. കൊലയ്ക്ക് ഒരു ദിവസം മുന്‍പ് ആകാശ് തളിപ്പറമ്പില്‍ എത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇത് കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലുള്‍പ്പെട്ട അഞ്ച് പേരെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേരാണ് ആകാശും റിജിന്‍ രാജും.

മറ്റ് മൂന്നുപേര്‍ സുരക്ഷിതതാവളങ്ങളില്‍ ഒളിവിലാണെന്നും അവരിലേക്ക് എത്താന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം, പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കുന്നതാണെന്നും പോലീസ് പറയുന്നു.

ഷുഹൈബിനെ ആക്രമിച്ച ശേഷം പ്രതികള്‍ അവരവരുടെ വീടുകളിലേക്കാണ് പോയത്. പ്രതികളില്‍ ഒരാള്‍ ആയുധങ്ങളും കൊണ്ടുപോയിരുന്നു. എന്നാല്‍ ഇതാരാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ലെന്ന് ആകാശ് മൊഴി നല്‍കിയിരുന്നു. ഷുഹൈബ് കൊല്ലപ്പെട്ടു എന്നറിഞ്ഞതോടെയാണ് എല്ലാവരും ഒളിവില്‍ പോയതെന്നും ആകാശ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഷുഹൈബിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ സിപിഎം പുറത്താക്കും. പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി സമ്മേളനത്തിനു ശേഷമാകും നടപടി. ഫെബ്രുവരി 12ന് രാത്രിയിലാണ് എടയന്നൂരില്‍ വച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.