തത്സമയ പരിപാടിക്കിടെ റേഡിയോ ജോക്കി പ്രസവിച്ചു; കുഞ്ഞിന് പേരിട്ടത് ശ്രോതാക്കള്‍

single-img
22 February 2018

അമേരിക്ക: തത്സമയ റേഡിയോ പരിപാടിക്കിടെ റേഡിയോ ജോക്കി കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ സെന്റ് ലൂയിസിലെ ദ ആര്‍ച്ച് സ്‌റ്റേഷനിലെ റേഡിയോ അവതാരക കാസിഡെ പ്രോക്ടറാണ് കുഞ്ഞിന് ജന്മം നല്‍കിയത്. വിചാരിച്ചതിലും രണ്ടാഴ്ച മുമ്പാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രോക്ടര്‍ പറഞ്ഞു.

കുഞ്ഞിന് ജന്മം നല്‍കിയതോടെ റേഡിയോയിലെ മോര്‍ണിംഗ് ഷോയില്‍ നിന്ന് പ്രോക്ടര്‍ പ്രസവാവധിയിലേക്ക് പ്രവേശിച്ചു. തിങ്കളാഴ്ച പ്രോക്ടറിന് പ്രസവവേദന തുടങ്ങിയിരുന്നു. ഇതോടെ റേഡിയോ സ്‌റ്റേഷന്‍ തന്നെ ആശുപത്രിയാക്കി മാറ്റി പ്രസവത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.

കുഞ്ഞിന്റെ ജനനം സംപ്രേഷണം ചെയ്യുക എന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നില്‍. ഞങ്ങളുടെ റേഡിയോ ശ്രോതാക്കളുമായി എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം പങ്കുവെയ്ക്കാന്‍ കഴിയുന്നത് അത്ഭുതകരമാണെന്നും പ്രോക്ടര്‍ പറയുന്നു.

ശ്രോതാക്കള്‍ തന്നെയാണ് പ്രോക്ടറിന്റെ കുഞ്ഞിന്റെ പേര് മത്സരത്തിലൂടെ തെരഞ്ഞെടുത്തത്. ജെയിംസണ്‍ എന്നാണ് കുഞ്ഞിന് ശ്രോതാക്കള്‍ നല്‍കിയ പേര്. പ്രോക്ടര്‍ കണ്ടെത്തിയ പേരുകളും മറ്റ് പേരുകളും കൂടി ചേര്‍ത്ത് ഒരുമിച്ചാണ് മത്സരം നടത്തിയത്.

അങ്ങനെയാണ് ജെയിംസണ്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രോഗ്രാം ഡയറക്ടര്‍ സ്‌കോട്ട് റെഡ്ഡി പറയുന്നു. തത്സമയം ഒരു ജനനം ശ്രോതാക്കള്‍ക്കായി സംപ്രേഷണം ചെയ്തപ്പോള്‍ അത് മാന്ത്രിക നിമിഷമായെന്ന് പ്രോക്ടറിന്റെ സഹ അവതാരകന്‍ സ്‌പെന്‍സര്‍ പറയുന്നു.