ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് റോയല്‍ ഒമാന്‍ പോലീസിന്റെ മുന്നറിയിപ്പ്

single-img
22 February 2018

സ്‌പോണ്‍സര്‍ ഇല്ലാതെ ടൂറിസ്റ്റ് വിസയില്‍ ഒമാന്‍ സന്ദര്‍ശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തുവിട്ടത്. ഇന്ത്യയുള്‍പ്പെടെ 28 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇത്തരത്തില്‍ സന്ദര്‍ശകവിസ അനുവദിച്ചിരിക്കുന്നത്. ഇതിനായി ഇവിസ സംവിധാനം കഴിഞ്ഞവര്‍ഷം നിലവില്‍ വന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.

എന്നാല്‍ മാര്‍ച്ച് 21 മുതല്‍ ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രമെ ലഭിക്കുകയുള്ളൂവെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ടൂറിസ്റ്റ് വിസ, എക്‌സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രമെ ലഭ്യമാകൂ. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്‌കുകളില്‍നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല.

ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ ഒമാന്‍ പോലീസിന്റെ rop.gov.om എന്ന വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം. യാത്രാരേഖകളും മറ്റു വിശദാംശങ്ങളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഔദ്യോഗിക ഇപേയ്‌മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസ് അടക്കേത്.

നടപടികള്‍ പൂര്‍ത്തിയായാല്‍ ഇവിസ ഇമെയില്‍വഴി ലഭിക്കും. ഇതിന്റെ പ്രിന്റാണ് വിമാനത്താവളത്തില്‍ കാണിക്കേണ്ടത്. വിമാനത്താവളത്തിലെ വിസ കൗണ്ടറിലെ തിരക്ക് കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്ന് അധികൃതര്‍ അറിയിച്ചു.