കുവൈത്തില്‍ വിമാന ടിക്കറ്റിന് പത്തിരട്ടി വരെ അധിക ചാര്‍ജ്

single-img
22 February 2018


പൊതുമാപ്പിനൊപ്പം നാല് ദിവസത്തെ പൊതു അവധി ദിനങ്ങള്‍ കൂടി എത്തിയതോടെ കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ തിരക്ക്. ഇത് മുതലെടുത്ത് വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. മിക്കവാറും എല്ലാ സെക്ടറുകളിലേക്കും നിലവിലുള്ള നിരക്കുകള്‍ പത്തിരട്ടിയായാണ് വര്‍ധിപ്പിച്ചത്.

അതേസമയം യാത്രക്കൊരുങ്ങുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദേശം നല്‍കി. എമിഗ്രെഷന്‍ ചെക് ഇന്‍ കൗണ്ടറുകളില്‍ യാത്രക്കാരുടെ നീണ്ട നിരയാണ്. യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ചെക് ഇന്‍ കൗണ്ടറുകള്‍ നേരത്തെ അടക്കുമെന്നും ബാഗേജ് ചെക്കിങ്, എമിഗ്രേഷന്‍ ക്ലിയറന്‍സ്, ദേഹ പരിശോധന എന്നിവ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദേശിച്ചു.

ദേശീയ വിമോചന ദിനങ്ങള്‍ക്കൊപ്പം രണ്ടു ദിവസത്തെ വാരാന്ത അവധി കൂടി വരുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ നാലുദിവസം രാജ്യത്തു പൊതു അവധിയാണ്. സീസണ്‍ കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായും അധിക വിമാനസര്‍വീസുകള്‍ ഷെഡ്യൂള്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു.