ചരട് ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങി; ശാന്തിക്കാരന് സസ്‌പെന്‍ഷന്‍: വിജിലന്‍സ് ഉദ്യോഗസ്ഥരെയൊക്കെ ചൂലു മൂത്രത്തില്‍ മുക്കി അടിക്കണമെന്ന് കെ.സുരേന്ദ്രന്‍

single-img
22 February 2018

തിരുവനന്തപുരം: ചരട് ജപിച്ചു നല്‍കിയതിന് 20 രൂപ വാങ്ങിയ ശാന്തിക്കാരനെ പിടികൂടി സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.

പനങ്ങാട്ടുകര ദേവസ്വം കീഴേടം മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ സുരേഷ് എമ്പ്രാന്തിരിയെ ആണ് വിജിലന്‍സ് പിടികൂടിയത്. സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവും ഫെയ്‌സ്ബുക്കിനൊപ്പം സുരേന്ദ്രന്‍ ചേര്‍ത്തിട്ടുണ്ട്.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചരട് ജപിച്ചുനല്‍കിയതിന് 20 രൂപ ദക്ഷിണവാങ്ങിയ ശാന്തിക്കാരനെ വിജിലന്‍സ് പിടികൂടി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സാണ് ഈ ധീരകൃത്യം നടത്തിയിരിക്കുന്നത്. ഭയങ്കര അഴിമതിയാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ഏററവും വലിയ അഴിമതിക്കാണ് പിണറായി സര്‍ക്കാര്‍ അന്ത്യം കുറിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. നാണമുണ്ടോ വിജിലന്‍സുകാരെ നിങ്ങള്‍ക്ക്.

ദര്‍ശനത്തിനുപോകുന്ന ഏതു ഭക്തനും പത്തോ ഇരുപതോ രൂപ ദക്ഷിണ കൊടുക്കും. ഇതാണോ ഇത്രവലിയ അഴിമതി? വലിയ വലിയ ക്ഷേത്രങ്ങളില്‍ എന്തെല്ലാം വെട്ടിപ്പാണ് ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്നത്. അതൊന്നും കണ്ടുപിടിക്കാന്‍ ഒരു വിജിലന്‍സുമില്ല. ശബരിമലയിലെ കൊള്ളക്ക് വിജിലന്‍സുകാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്.

ബാര്‍ കോഴയും മലബാര്‍ സിമന്റ്‌സ് കേസ്സും പാററൂര്‍ ഭൂമിക്കേസ്സും ഇ. പി. ജയരാജന്‍ കേസ്സും കെ. ബാബുവിന്റെ കേസ്സും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലന്‍സാണ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്ബൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുന്നത്. ഈ വിജിലന്‍സ് ഉദ്യോഗസ്ഥരയൊക്കെ ചൂലു മൂത്രത്തില്‍ മുക്കി അടിക്കുകയാണ് വേണ്ടത്. കള്ളനു കഞ്ഞിവെക്കുന്ന വൃത്തികെട്ട വിജിലന്‍സാണ് കേരളത്തിലുള്ളത്.