വിവാഹമാണ് നടന്നത്, മാനഭംഗമല്ല; അശോകനോട് സുപ്രീംകോടതി

single-img
22 February 2018

ഹാദിയ കേസില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ് നടന്നതെന്നും അത് മാനഭംഗക്കേസല്ലെന്നും സുപ്രീംകോടതി. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരാണ്. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് നിയമപരമായ അധികാരമുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമാണെന്നു ഹാദിയയും ഷെഫിനും വ്യക്തമാക്കുയിട്ടുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമാണ്, ബലാത്സംഗമല്ല കേസ്.

അതുകൊണ്ടു തന്നെ പങ്കാളികള്‍ക്ക് ഇടയിലുള്ള സമ്മതത്തെപ്പറ്റി അന്വേഷണം നടത്താന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. അതേസമയം രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ സത്യവാങ്മൂലത്തിലുള്ള ആരോപണങ്ങള്‍ സുപ്രീം കോടതി നീക്കം ചെയ്തു.

ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് വരാന്‍ രാഹുല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു പരാമര്‍ശം. അച്ഛനും എന്‍.ഐ.എക്കും എതിരെയുള്ള ഹാദിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് കേസ് മാര്‍ച്ച് 8ലേക്ക് മാറ്റി.

വീട്ടുതടങ്കലില്‍ കഴിയവേ വീട്ടുകാര്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതായി സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിക്കുന്നു. അതോടൊപ്പം തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കോട്ടയം പൊലീസ് മേധാവിക്കെതിരെയും തന്നെ അപായപ്പെടുത്താന്‍ വീട്ടില്‍ ശ്രമം നടന്നിരുന്നതായും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഷെഫിന്‍ ജഹാനുമായുള്ള വിവാഹബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നും തന്നെ ഷെഫിന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹാദിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരിക്കുന്നത്.