പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹാദിയ ഇന്നു വീണ്ടും സുപ്രീംകോടതിയിൽ

single-img
22 February 2018

ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വീട്ടുതടങ്കലിലും അല്ലാതെയും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതിയുടെ പരിഗണനക്ക് വരും. ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ഹാദിയ.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. താൻ മുസ്‍ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു ഹാദിയ കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‍ലാം മതം സ്വീകരിച്ചതും കൊല്ലം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതും.

വീട്ടുതടങ്കലിലും പൊതുസമൂഹത്തിലും അനുഭവിച്ച പീഡനങ്ങള്‍ക്കു നഷ്ടപരിഹാരം വേണമെന്നാണു ഹാദിയയുടെ മറ്റൊരു പ്രധാന ആവശ്യം. ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു.

മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണയുണ്ടായി. ആരൊക്കെയാണു വീട്ടില്‍ വന്നുകണ്ടതെന്നു സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം കോടതി പരിശോധിക്കണം. ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്താന്‍ ശ്രമമുണ്ടായി.

സുരക്ഷാചുമതലയുണ്ടായിരുന്ന വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍ഐഐ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുളളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചു.

അതേസമയം കേസ് പരിഗണിക്കുന്നതു നീട്ടിവയ്‌ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മാതാപിതാക്കൾക്കും എൻഐഎയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു ഹാദിയ നൽകിയ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേസ് നീട്ടണമെന്നുമായിരുന്നു അശോകന്റെ ആവശ്യം. എന്നാൽ, ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേസ് ഇന്നുതന്നെ പരിഗണിക്കുമെന്നു വ്യക്തമാക്കുകയായിരുന്നു.