ഷുഹൈബ് വധത്തെച്ചൊല്ലി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചേരിതിരിവ്

single-img
22 February 2018

തൃശൂര്‍: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. രാവിലെ വി.എസ് അച്യുതാനന്ദന്‍ സമ്മേളന വേദിക്ക് പുറത്ത് പതാക ഉയര്‍ത്തി. ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ കണ്ണൂരിലെ കൊലപാതകം പാര്‍ട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തിയെന്നാണു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ക്കു കടുത്ത അതൃപ്തിയുണ്ടെന്നാണു സൂചന.

ഷുഹൈബ് വധത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ എതിര്‍പ്പുമായി പിണറായിയും കോടിയേരിയും രംഗത്തെത്തി. ഇതോടെ കണ്ണൂരിലെ വധത്തെച്ചൊല്ലി പാര്‍ട്ടി രണ്ടു ചേരിയിലായി. കൊലപാതകം സ്വാഭാവിക പ്രതികരണം മാത്രമാണെന്നാണു കണ്ണൂര്‍ നേതൃത്വത്തിന്റെ നിലപാട്.

കോടതി ചെയ്യേണ്ട പണി പാര്‍ട്ടി എടുക്കേണ്ടെന്നു കോടിയേരിയും അഭിപ്രായപ്പെട്ടു. കോടിയേരിയുടെ പ്രതികരണം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള താക്കീതായാണു വിലയിരുത്തല്‍. അതേസമയം, ഷുഹൈബ് വധത്തെക്കുറിച്ച് സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനിടെ, ഷുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘത്തിനു പ്രാദേശിക നേതാക്കള്‍ നല്‍കിയ ക്വട്ടേഷനാണെന്നു പൊലീസിനു വിവരം ലഭിച്ചു.

ഷുഹൈബിനെ ആക്രമിക്കാന്‍ ചില പ്രാദേശിക നേതാക്കള്‍ നിര്‍ദേശം നല്‍കിയതായി പ്രതികള്‍ തന്നെയാണു പൊലീസിനു മൊഴി നല്‍കിയത്. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും സിപിഎം ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആകാശ്, രജിന്‍രാജ് എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്കു പുറമേ ചില പ്രാദേശിക ഭാരവാഹികളും പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.