തിരുവനന്തപുരത്ത് അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം; പ്രവാസി യുവാവ് അറസ്റ്റില്‍

single-img
22 February 2018

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് സ്വദേശി സുധീഷ് വേണുഗോപാല്‍ (28) ആണ് അറസ്റ്റിലായത്. സൗദിയിലെ ഒരു ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നേരത്തെ സുധീഷ് പ്രണയാഭ്യര്‍ഥനയുമായി യുവതിയെ സമീപിച്ചിരുന്നു. എന്നാല്‍ യുവതി വിസമ്മതിച്ചു. തുടര്‍ന്നും ഇയാള്‍ നിരവധി തവണ യുവതിയെ ശല്യപ്പെടുത്തി. ഇതിനിടെ മറ്റൊരു വിവാഹാലോചനയുമായി യുവതി മുന്നോട്ടുപോയതോടെയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്.

കരിംഭൂതത്താന്‍ പാറ വളവില്‍ കഴിഞ്ഞദിവസം വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. കുറ്റിച്ചലില്‍ ബസിറങ്ങിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയ്ക്ക് നേരെ, ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍, ജീനയെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ശേഷം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ കയ്യിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.