3,700 കോടിയോളം രൂപയുടെ റോട്ടോമാക് ബാങ്ക് തട്ടിപ്പ് കേസിൽ കോഠാരിയെയും മകനെയും സി.ബി.ഐ ചോദ്യം ചെയ്തു

single-img
21 February 2018

ന്യൂ ഡൽഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ കോടികളുടെ തട്ടിപ്പു നടത്തിയ റോട്ടോമാക് പേന കമ്പനിയുടെ മുതലാളി വിക്രം കോഠാരിയെയും മകൻ രാഹുൽ കോഠാരിയെയും സി.ബി.ഐ ചോദ്യം ചെയ്തു. ഡൽഹിയിലെ സി.ബി.ഐ ഓഫീസിലാണ് ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിലും ചോദ്യം ചെയ്യൽ നടന്നിരുന്നു. കോഠാരിയുടെ വീടും സ്ഥാപനങ്ങളും നേരത്തെ റെയ്ഡ് ചെയ്തിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വായ്പ എടുത്തിരുന്ന ബാങ്ക് ഓഫ് ബറോഡയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഫയൽ ചെയ്തത്.

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്ന് 3695 കോടിയാണ് കോഠാരി തട്ടിയെടുത്തത്.

കഴിഞ്ഞ വർഷം കോഠാരിയുടെയും ബന്ധുക്കളുടെയും വിവിധ വസ്തുവകകൾ കുടിശിക അടക്കാത്തതിൽ ബാങ്കുകളിൽ നിന്ന് ലേലത്തിൽ പോയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും വളരെ ആഡംബരമായിട്ടാണ് കോഠാരി ജീവിച്ചത്.

വിക്രം കോഠാരിയുടെ പിതാവായ മന്സൂഖ് കൊത്താരിയാണ് ‘പാൻപരാഗ്’ ബ്രാൻഡിന്റെ സ്ഥാപകൻ.
1999 മുതൽ മക്കളായ വിക്രം കോത്താരി സ്റ്റേഷനറി വസ്തുക്കളുടെയും ദീപക് കോത്താരി പാൻപരാഗ് ബ്രാന്ഡിന്റെയും ഉടമസ്ഥതയേറ്റു.

വജ്ര വ്യവസായി നീരാവ് മോഡി ഉൾപ്പെടുന്ന പഞ്ചാബ് നാഷണൽ ബാങ്കിലെ 11,400കൊടിയുടെ വൻതട്ടിപ്പിന് പിന്നാലെയാണ് റോട്ടോമാക് ബാങ്ക് തട്ടിപ്പ്.