പാമ്പ് കടിച്ചെന്ന് കരുതി കടിച്ച പാമ്പിന്റെ തല കടിച്ചെടുത്ത് ചവച്ചുതുപ്പി കര്‍ഷകന്റെ പ്രതികാരം

single-img
21 February 2018

പാമ്പ് കടിച്ചെന്ന് കരുതി കടിച്ച പാമ്പിന്റെ തല കടിച്ചെടുത്ത് കര്‍ഷകന്റെ പ്രതികാരം. ഉത്തര്‍പ്രദേശില്‍ ശനിയാഴ്ചയാണ് സംഭവം. സ്വനേലാലാണ് പാമ്പിന്റെ തല കടിച്ചെടുത്ത് ചവച്ചുതുപ്പിയത്. ഇതേ തുടര്‍ന്ന് സ്വനേലാല്‍ ബോധരഹിതനാവുകയും ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കര്‍ഷകന്‍ ബോധം കെട്ട് വീണെന്നും ആംബുലന്‍സ് വേണമെന്നും ആവശ്യപ്പെട്ട് മോഗഗന്‍ജി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഒരു കോള്‍ വരികയായിരുന്നു. അയല്‍ക്കാരാണ് സ്വനേലാലിനെ ആശുപത്രിയിലെത്തിച്ചത്. അവര്‍ ഇയാളെ പാമ്പ് കടിച്ചെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ പാമ്പ് കടിച്ചതിന്റെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെ സ്വനേലാലിന് ബോധം വന്നു. തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്തതാണെന്ന് സ്വനേലാല്‍ തുറന്നുപറയുകയും ചെയ്തു.

കന്നുകാലികളെ പരിപാലിച്ചുകൊണ്ട് നിന്നപ്പോള്‍ തന്നെ ഒരു പാമ്പ് കടിച്ചെന്നും അതിന്റെ ദേഷ്യത്തില്‍ പാമ്പിന്റെ തല കടിച്ചുപറിച്ച് തുപ്പിയെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാല്‍ സ്വനേലാലിനെ പാമ്പ് കടിച്ചിട്ടില്ലെന്നും പാമ്പിനെ കടിച്ചപ്പോള്‍ അതിന്റെ ശരീരത്തിലെ വിഷാംശം സ്വനേലാലിന്റെ ശരീരത്തില്‍ ചെന്നതാണ് ബോധരഹിതനാകാന്‍ കാരണമെന്നും ഡോക്ടര്‍ വര്‍മ്മ പറഞ്ഞു.