കണ്ണൂരിലെ സമാധാന യോഗത്തില്‍ ബഹളം; യു.ഡി.എഫ് ബഹിഷ്കരിച്ചു;പി ജയരാജൻ ഇരിക്കുന്ന ഒരു യോഗത്തിലും ഇനി പങ്കെടുക്കാനില്ലെന്ന് സതീശൻ പാച്ചേനി

single-img
21 February 2018

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ യോഗം ബഹിഷ്കരിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റമുണ്ടായി.രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ യുഡിഎഫ് യോഗം ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോയി.

യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് ക്ഷണമില്ലാത്ത യോഗത്തില്‍ സിപിഐഎം എംപി കെകെ രാഗേഷിനെ ഡയസില്‍ ഇരുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. . രാഗേഷിനെ ഡയസില്‍ ഇരുത്തിയതിനെ സതീശന്‍ പാച്ചേനി ചോദ്യം ചെയ്തു. രാഗേഷിനെ ഡയസില്‍ ഇരുത്തിയാല്‍ തങ്ങളെയും അവിടെ ഇരുത്തണമെന്ന് യുഡിഎഫ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എന്ത് അടിസ്ഥാനത്തിലാണ് രാഗേഷ് ഡയലിസിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സര്‍വകകക്ഷിയോഗത്തിലെങ്കിലും ജയരാജന്‍ മാന്യത കാണിക്കണമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.

ജനപ്രതിനിധകളെ ക്ഷണിക്കാതിരുന്നത് യോഗത്തിന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും യു.ഡി.എഫ് നേതാക്കളായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ ആരോപിക്കുകയും യു.ഡി.എഫ് യോഗം ബഹിഷ്കരിക്കുകയും ചെയ്തു. എന്നാല്‍ യു.ഡി.എഫിന്‍റെത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ നാടകമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. അവര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ യോഗത്തിന് ശേഷമാണ് പ്രതിഷേധിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.