ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ടീമുകള്‍ എത്തിതുടങ്ങി: ഇന്ന് കൊടിയേറ്റം; പോരാട്ടം നാളെ മുതല്‍

single-img
20 February 2018

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. മത്സരത്തിനുള്ള തകൃതിയായ ഒരുക്കത്തിലാണ് സംഘാടകര്‍. നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. 17 വര്‍ഷത്തിന് ശേഷമാണ് കേരളം ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നിന്ന് സ്വപ്നനഗരിയിലേക്ക് ദീപശിഖ പ്രയാണത്തോടൊപ്പം ഘോഷയാത്രയും നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ 28 പുരുഷ ടീമുകളും 26 വനിത ടീമുകളും പങ്കെടുക്കും. വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കാലിക്കറ്റ് ട്രേഡ് സെന്റര്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക.

പ്രാഥമിക ഗ്രൂപ് മത്സരങ്ങളില്‍ ബുധനാഴ്ച വൈകീട്ട് 4.30ന് കേരളത്തിന്റെ പുരുഷ ടീം രാജസ്ഥാനെയും വൈകീട്ട് ഏഴിന് വനിതകള്‍ തെലങ്കാനയെയും നേരിടും. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മറ്റ് ടീമുകളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും.

ചാമ്പ്യന്‍ഷിപ്പിനായുള്ള ടീമുകള്‍ കോഴിക്കോട്ടെത്തി തുടങ്ങി. കോഴിക്കോട്ടെത്തിയ ടീമുകള്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ആസാമിനും ചണ്ഡീഗഡിനും പുറമെ സര്‍വ്വീസസും ചത്തീസ്ഗഡും എത്തിയിട്ടുണ്ട്. അതേസമയം മത്സരത്തില്‍ കേരളത്തിന്റെ പുരുഷ ടീമിനെ ബി പി സി എല്‍ താരം ജെറോം വിനീതും വനിതാ ടീമിനെ പോലീസ് താരമായ അഞ്ജുമോളും നയിക്കും.

പുരുഷ ടീം: ജെറോം വിനീത് (ക്യാപ്റ്റന്‍), ജി എസ് അഖിന്‍ (വൈസ് ക്യാപ്റ്റന്‍), മുത്തുസ്വാമി, എന്‍ ജിതിന്‍, പി രോഹിത്, അബ്ദുല്‍റഹീം, സി അജിത്ത്‌ലാല്‍, വിബിന്‍ എം ജോര്‍ജ്, അനു ജെയിംസ്, രതീഷ്, ഒ അന്‍സബ്, ഇ കെ രതീഷ് (ലിബറോ).

വനിത ടീം: ജി അഞ്ജുമോള്‍ (ക്യാപ്റ്റന്‍), ഫാത്വിമ റുക്‌സാന (വൈസ് ക്യാപ്റ്റന്‍), കെ എസ് ജിനി, ഇ അശ്വതി, അഞ്ജു ബാലകൃഷ്ണന്‍, എ എസ് സൂര്യ, എസ് രേഖ, എം ശ്രുതി, എന്‍ എസ് ശരണ്യ, കെ പി അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രന്‍.

17 വര്‍ഷത്തിന് ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന ടീമില്‍ കേരളം കിരീടം നിലനിര്‍ത്തുമെന്ന് ക്യാപ്റ്റന്‍ ജെറോം അവകാശപ്പെട്ടു. ഒരുമിച്ച് കളിച്ച് പരിജയ സമ്പത്ത് ആര്‍ജിച്ച ടീമാണ് ഇത്തവണത്തേതെന്നും ജെറോം പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേത് പോലെ മികച്ച വിജയങ്ങള്‍ക്ക് ശേഷം റെയില്‍വേസിന് മുന്നില്‍ മുട്ടുമടക്കുന്ന പതിവ് രീതി ഇത്തവണ ഉണ്ടാകില്ലെന്ന് വനിതാ ക്യാപ്റ്റന്‍ അഞ്ജുമോള്‍ പറഞ്ഞു.