ലൈംഗിക സദാചാരത്തെ കുറിച്ച് എനിക്കുണ്ടായിരുന്ന മുന്‍വിധികളെ പാടെ പൊളിച്ചടുക്കിയ ചിത്രമായിരുന്നു ഡേര്‍ട്ടി പിക്ചര്‍: വിദ്യ ബാലന്‍

single-img
20 February 2018

സില്‍ക്ക് സ്മിതയുടെ ജീവതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രത്തില്‍ സില്‍ക്കായി വേഷമിട്ടത് ബോളിവുഡ് നടി വിദ്യ ബാലനായിരുന്നു. ഒരുപാട് വിമര്‍ശനങ്ങള്‍ വിദ്യക്ക് ഈ ചിത്രം കാരണം നേരിടേണ്ടി വന്നു. എന്നാല്‍ അന്നൊന്നും വിദ്യ വിമര്‍ശനങ്ങളെ കുറിച്ചോ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചോ പ്രതികരിച്ചിരുന്നില്ല.

ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് താരം ചിത്രത്തെ കുറിച്ച് മനസ് തുറക്കുന്നത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഡേര്‍ട്ടി പിക്ചറിനെ കുറിച്ച് സംസാരിച്ചത്. ലൈംഗിക സദാചാരത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന മുന്‍വിധികളെ പാടെ പൊളിച്ചടുക്കിയ ചിത്രമായിരുന്നു മിലന്‍ ലുത്രിയുടെ ഡേര്‍ട്ടി പിക്ചറെന്ന് വിദ്യ പറഞ്ഞു.

ഈ ചിത്രം കൊണ്ട് തനിക്ക് ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു.’സംവിധായകന്‍ മിലന്‍ കഥാപാത്രത്തെ കുറിച്ചോ ചിത്രത്തെ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. അതൊക്കെ എനിക്ക് അദ്ഭുതമായിരുന്നു. എന്നാല്‍ പിന്നീട് മനസിലായി മിലനായിരുന്നു ശരിയെന്ന്.

അദ്ദേഹം ഒരു പോണ്‍ ചിത്രം നിര്‍മ്മിക്കാനല്ല ശ്രമിച്ചത്. പകരം സില്‍ക്ക് സ്മിത എന്ന താരത്തിന്റെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ചിത്രം തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. ഞാന്‍ സില്‍ക്കിനെ ബഹുമാനിച്ചാല്‍ പ്രേക്ഷകരും ബഹുമാനിക്കുമെന്ന്’.

‘ചൂഷണം ചെയ്യപ്പെടില്ലെന്ന ബോധമുള്ളിടത്തോളം കാലം എന്നില്‍ എത്തുന്ന ഏത് കഥാപാത്രത്തെയും ഞാന്‍ അവതരിപ്പിക്കും. ഞാന്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാം എന്റെ ജീവിതത്തില്‍ ഒരു സ്ഥാനമുണ്ട്.’ വിദ്യ കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മുന്‍വിധികളെ ഉപേക്ഷിച്ച് തന്റെ മനസിലുള്ളത് പ്രതിഫലിപ്പിക്കാന്‍ താന്‍ തയ്യാറാകാറുണ്ടെന്നും താരം പറഞ്ഞു.

ഒരു പക്ഷെ അതുകൊണ്ടായിരിക്കും ഡെര്‍ട്ടി പിക്ചര്‍ എന്ന സിനിമ താന്‍ തെരഞ്ഞെടുത്തതെന്നും വിദ്യ വ്യക്തമാക്കി. ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം താരത്തിന് ലഭിച്ചു. വിദ്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഡെര്‍ട്ടി പിക്ചര്‍.