ഫയല്‍ ഒപ്പിട്ട അടുത്ത നിമിഷം മന്ത്രി എന്നെ ഉമ്മ വച്ചു: മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ പി.ആര്‍.ഡി ഉദ്യോഗസ്ഥ

single-img
20 February 2018

ഫോണ്‍ കെണി വിവാദം കെട്ടടങ്ങിയപ്പോള്‍ മറ്റൊരു മുന്‍ മന്ത്രിക്കെതിരെ കൈപ്പേറിയ അനുഭവം വെളിപ്പെടുത്തി മുന്‍ പിആര്‍ഡി ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. സര്‍വ്വീസിലിരിക്കുമ്പോള്‍ അടിയന്തരമായ ഫയല്‍ ഒപ്പിടാനായി വകുപ്പ് മന്ത്രിയെ സമീപിച്ചപ്പോള്‍ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ചാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അവര്‍ പങ്കുവെച്ചത്.

പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അഡീഷ്ണല്‍ ഡയറക്ടറായിരുന്ന കെ എസ് സുധക്കുട്ടിയാണ് സര്‍വ്വീസിലിരിക്കേ മന്ത്രിയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണ സിരാകേന്ദ്രത്തില്‍ നിന്ന് മാന്യനായ മന്ത്രി കാണിച്ച അവമതിയില്‍ ആടിയുലഞ്ഞപ്പോഴും, കുടുംബത്തെ ഓര്‍ത്തപ്പോഴുണ്ടായ നിസഹായതയില്‍ ബാഗില്‍ നിന്ന് വെറ്റ് വൈപ്‌സ് എടുത്ത് കൈ തുടച്ച് ഇറങ്ങിപ്പോരാന്‍ മാത്രമെ തനിക്ക് കഴിഞ്ഞുള്ളുവെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

മന്ത്രിയുടെ പെരുമാറ്റത്തില്‍ തനിക്കുണ്ടായ നീരസം രേഖപ്പെടുത്തിയ ശേഷമാണ് ഇറങ്ങിപ്പോന്നതെന്നും ഉദ്യോഗസ്ഥ പറഞ്ഞു. അതേസമയം, തന്നെ ചുംബിച്ച മന്ത്രി ആരെന്ന് വെളിപ്പെടുത്താന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.

‘കഴിഞ്ഞ കാര്യമല്ലേ. ഇതൊക്കെ ഒന്ന് തുടച്ചാല്‍ തീരുന്ന കാര്യമല്ലേയുള്ളൂ. വൃത്തിബോധത്തെപ്പറ്റി പറഞ്ഞപ്പോള്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നതിനപ്പുറം ഫേസ്ബുക്ക് കുറിപ്പിനെ കാണേണ്ടതില്ല. ആരുടെയും കണ്ണീര് കാണാന്‍ ആഗ്രഹമില്ല’- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഈയിടെ ആര്‍ക്കിടെക്ട് പത്മശ്രീ ജി.ശങ്കറിന്റെ ഒരു കുറിപ്പ് വായിക്കാനിടയായി. നമ്മുടെ വീട്ടില്‍ നമുക്ക് മാത്രമായി ഒരിടം ഉണ്ടാവണം എന്ന നല്ല ആശയമാണ് ശങ്കര്‍ പങ്കുവച്ചത്. സത്യമാണ്. അങ്ങനെ എനിക്ക് മാത്രമായി ഒരിടം ഞാന്‍ കണ്ടെത്തിയത് വളരെ വൈകിയാണ്.

കുട്ടിക്കാലത്ത് അങ്ങനെ ഒരു സങ്കുചിത ചിന്തയില്ലല്ലോ. രാത്രിയുറക്കം പോലും മുതിര്‍ന്നവരുടെ ഓരോരുത്തരുടേയും ദയാദാക്ഷിണ്യത്തിന്റെ പങ്കു പറ്റിയിട്ടാവും. ചിലപ്പോള്‍ അമ്മ, ചിലപ്പോള്‍ ചേച്ചിമാര്‍ ചിലപ്പോള്‍ വീട്ടുജോലിക്കാരി, അങ്ങനെ എത്രയോ പേരുടെ അരിക് പറ്റിയാലാണ് ഒരിടം ഉണ്ടാകുക.

പിന്നീട് ജീവിത പങ്കാളി വച്ചു നീട്ടുന്ന ഇടത്തിലേക്ക് നമ്മള്‍ പറിച്ചു നടപ്പെടുന്നു. അവിടെയും സ്വന്തമായി ഒരിടം അതിമോഹം മാത്രം. മക്കള്‍ ജനിക്കുന്നതോടെ കുടുംബമാണ് ഇടമെന്ന് നമ്മള്‍ സ്വയം പറഞ്ഞു വിശ്വസിപ്പിക്കും. ഇപ്പോള്‍ തനിയെ. കാലം പുറം കാല്‍ കൊണ്ട് അലസമായൊന്ന് തട്ടിയപ്പോള്‍ ദാണ്ടെ കിടക്കുന്നു ജീവിതം!

ജീവിതം ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങുമ്പോള്‍ ഫല്‍റ്റ് ജീവിതം തരുന്ന സ്വാസ്ഥ്യം ഒരു കരുതല്‍ കൂടിയാണ്. പതിമൂന്നാം നിലയിലെ എന്റെ ബാല്‍ക്കണിയിലേക്ക് മേഘങ്ങള്‍ ചിരിച്ചു ചിരിച് മണ്ണ് കപ്പാന്‍ ഇറങ്ങി വരാറുണ്ട്. നക്ഷത്രങ്ങള്‍ ജനാലയിലൂടെ വന്ന് എന്റെ മോതിരവിരലില്‍ ഞാന്നു കിടക്കാറുണ്ട്. നിലാവാകട്ടെ തീവ്ര പ്രണയത്താല്‍ ഓരം ചേര്‍ന്ന് എന്നോടൊപ്പം ശയിക്കാറുമുണ്ട്.

കണ്ടല്‍കാടുകള്‍ക്കിടയിലൂടെ അലസയായി ഒഴുകുന്ന നേര്‍ത്ത പുഴ സോഷ്യല്‍ മീഡിയയില്‍ തരംഗമായ് തീര്‍ന്ന സുന്ദരി പെണ്‍കുട്ടിയുടെ കണ്ണിറുക്കല്‍ അനുകരിച്ച് കൂടെ കൂടെ വന്ന് മോഹിപ്പിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഒ എന്‍.വി അനുസ്മരണത്തിന് ടാഗോര്‍ സെന്റിനറി ഹാളില്‍ തൊട്ടടുത്തിരുന്ന ജി.ശങ്കറിനോട് ഞാന്‍ പറഞ്ഞു, ശങ്കര്‍, താങ്കളെഴുതിയത് നേരാണ്. ഒടുവില്‍ ഞാനും എന്റെ ഇടം കണ്ടെത്തി എന്ന്. കണ്ടെത്തിയ ഇടത്തിലൈാഴികെ മറ്റൊരിടത്തും അലിഞ്ഞു ചേരാനാവുന്നില്ല എന്നതാണ് എന്റെ പോരായ്മ എന്ന തിരിച്ചറിവും എനിക്കുണ്ട്.

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
എന്ന മട്ടിലാണ് ഇപ്പോള്‍
കാര്യങ്ങളുടെ പോക്ക്.
ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച ഒരാള്‍
ആള്‍ക്കൂട്ടത്തെ ഭയപ്പെടുമോ?
കടുത്ത വൃത്തിബോധം മക്കളെ പോലും വിഷമത്തിലാക്കുന്നുവോ?
പരസ്യത്തില്‍ പറയുമ്‌ബോലെ ഉയരം കൂടുന്തോറും ചായക്ക് രുചി കൂടുമോ
അതോ പ്രായം കൂടുന്തോറും വൃത്തി ബോധം
മായക്കാഴ്ചയിലെത്തുന്നുവോ?

ആവശ്യത്തിലധികം പൂച്ച നായ സ്‌നേഹമുള്ളവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ മനസ് പണ്ടേ ജാഗ്രത കാട്ടിയിരുന്നു. യാത്രയില്‍ മക്കള്‍ എത്ര സൂക്ഷ്മതയോടെ തെരഞ്ഞെടുത്താലും ഹോട്ടലുകളോട് ഞാന്‍ നിസ്സഹകരണം പുലര്‍ത്തുന്നു.

ഭക്ഷണമല്ല ,വാഷ് റൂമുകളാണ് എന്റെ സ്വസ്ഥത കവരുന്നത്. അമ്മയ്ക്ക് വട്ടായോ മക്കള്‍ അങ്ങനെയും ചിന്തിക്കുന്നുണ്ടാവും. പൊതു ഇടങ്ങളില്‍ എവിടെ തൊട്ടാലും ഞാന്‍ വെറ്റ് വൈപ്പ്‌സ് തിരയുന്നു. ഒരിക്കല്‍ തീവണ്ടിയാത്രയില്‍ അടുത്തിരുന്ന ആലുവാ സ്വദേശിയായ ഡോക്ടര്‍ ഞാനറിയാതെ എന്റെ ചേഷ്ടകള്‍ ശ്രദ്ധിച്ച് ഉപദേശം തന്നു. കഴിവതും വേഗം ഇത്തരം വിഭ്രാന്തികളില്‍ നിന്ന് രക്ഷപ്പെടണം. എനിക്ക് കഴിയുന്നില്ല. എന്റെ പിഴ എന്റെ വലിയ പിഴ..

ആയതിനാല്‍ എന്റെ ഇത്തിരത്തില്‍ നിന്നും പുറത്തേയ്ക്കുള്ള വാതിലുകള്‍ കൊട്ടിയടക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു. ഇതൊരു പരിണാമ സൂചനയാണോ? മനുഷ്യരില്‍ നിന്നകന്ന് മുരളുന്ന വന്യമൃഗമായി മാറുന്നതിന്റെ അപായസൂചന?
എന്റെ സ്‌നേഹിത കെ.എ ബീനയുടെ യാത്രാനുഭവങ്ങള്‍ കേള്‍ക്കുമ്‌ബോള്‍ എനിക്ക് കൊതി തോന്നും നിനക്കിതൊന്നും വിധിച്ചിട്ടില്ല,പോ എന്നവള്‍ എന്നെ പരിഹസിക്കുന്നു.

എവിടേക്കെന്നില്ലാതെ, എത്ര നാളേയക്കെന്നില്ലാതെയുള്ള ബീനയുടെ പ്രയാണത്തില്‍ എനിക്ക് അസൂയ വേണ്ടുവോളമുണ്ട് താനും. പ്രണയത്തില്‍ ചുംബനങ്ങളില്‍ രതിയില്‍ മൃതിയില്‍ ഇത്തരം ചില വേവലാതികള്‍ നേരമ്പോക്കായെങ്കിലും നിങ്ങളെ അലട്ടിയിട്ടുണ്ടോ ?എന്റെ അടുത്ത ഒരു കൂട്ടുകാരി ഒരിക്കല്‍ എന്നോട് പറഞ്ഞു.

മറ്റെന്തെല്ലാം കാരണങ്ങള്‍ ഉണ്ടായാലും കിടപ്പറയിലെ വൃത്തിഹീനത ഒന്ന് മാത്രമായിരിക്കും ഭര്‍ത്താവിനെതിരെ ഞാന്‍ കോടതിയിലുന്നയിക്കുക എന്ന്. അവള്‍ ഇന്ന് വിവാഹമോചിതയാണ്.

ശബ്ദാര്‍ത്ഥ രസ വേളായാം
ശബ്ദോത്പത്തീംവദന്തിയേ
നീവീ വിശ്രംസ വേളായാം
മൂല്യം പ്രച്ഛന്തി വാസസ:
എന്ന ശ്ലോകത്തിന്റെ പൊരുള്‍ കോടതിക്ക് ബോധ്യം വന്നിട്ടുണ്ടാകണം.

24 നോര്‍ത്ത് കാതം എന്ന സിനിമ വന്നപ്പോള്‍ എന്റെ മകള്‍ പറഞ്ഞു, ആ സിനിമയിലെ നായകന് എന്റെ തരം മനോവൈകല്യമുണ്ടെന്ന്. കണ്ടപ്പോള്‍ തോന്നി എന്റെയത്ര മൂര്‍ഛിച്ചിട്ടില്ലെന്ന്. ഈയിടെ ഒന്ന് രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞു പ്രായമേറുന്തോറും അവരിലും ഇതേ മനോഭാവം വളരുന്നുവെന്ന്. എനിക്ക് സമാധാനമായി.

ജീവിതാന്തരീക്ഷം നാള്‍ക്ക് നാള്‍ അറുവഷളാകുമ്പോള്‍ ഒരു പക്ഷേ മനസ്സും ശരീരവും സ്വയം പ്രതിരോധത്തിന്റെ വഴി തേടുന്നതുമാവാം ,അല്ലേ?. കുറെക്കാലം മുന്‍പ്. അടിയന്തിര സ്വഭാവമുള്ള ഒരു ഫയലുമായി സെക്രട്ടേറിയറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം. ഫയല്‍ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു.

ഒരു നിമിഷം ഞെട്ടകയും ഒരു ആഴക്കടലില്‍ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിര്‍ദ്ദോഷഫലിതമെന്ന ഭാവേനെ പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി. ചെറുപ്പക്കാരിയായ വിധവയാണ് ഞാന്‍.

ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും. എന്റെ ചെറിയ രണ്ട് പെണ്‍മക്കള്‍ സങ്കടപ്പെടും. എന്റെ ബാഗില്‍ വെറ്റ് വൈപ്‌സും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യാന്‍ സാനിറ്റൈസറും ഉണ്ടല്ലോ. അതേലൊന്നെടുത്ത് കൈ തുടച്ച് നീരസം പ്രകടമാക്കിത്തന്നെ ഞാനിറങ്ങിപ്പോന്നു.

പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ല..ഇപ്പോഴിത് പറഞ്ഞത് മറ്റൊന്നിനുമല്ല, എന്റെ വൃത്തിബോധം യുക്തിബോധത്തെ അപകടകരമാം വിധം ഗ്രസിച്ചപ്പോള്‍ എന്നെ ഞാന്‍ തന്നെ ഹിപ്‌നോട്ടിസത്തിന് വിധേയയാക്കി.

ഒന്ന് ,രണ്ട് ,മൂന്ന്, നാല്, അഞ്ച്.. ഉപബോധ മനസ്സ് പുലമ്പിത്തുടങ്ങി. ഒപ്പം വൃത്തികെട്ട രണ്ട് ചുണ്ടുകളുടെ ചിത്രം മെല്ലെ തെളിയുകയായി.യുറേക്കാ.. അപ്പൊ അങ്ങനെയാണല്ലേ വൃത്തി ഒരു വിഭ്രാന്തിയായ് എന്നെയിട്ട് ചുറ്റിവരിയാന്‍ തുടങ്ങിയത്?

ഈ ഹിപ്‌നോട്ടിസത്തിന്റെ ഒരു കാര്യമേ.