സ്വകാര്യ ബസ് സമരത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി: നാലു ദിവസത്തെ വരുമാനം 30 കോടി

single-img
20 February 2018

സ്വകാര്യ ബസ് സമരത്തില്‍ നേട്ടംകൊയ്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍. നാലു ദിവസം കൊണ്ട് 30 കോടി രൂപയാണു കോര്‍പറേഷന്റെ ഖജനാവിലെത്തിയത്. നിരക്കുവര്‍ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 16 നാണു സ്വകാര്യ ബസുകള്‍ സമരം തുടങ്ങിയത്.

ഇതോടെ സര്‍വീസുകള്‍ കൂട്ടി സമരത്തെ നേരിടാന്‍ കെഎസ്ആര്‍ടിസി ഇറങ്ങി. സര്‍വീസ് നടത്തിയ ബസ്സുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ ദിവസവും ലക്ഷങ്ങളുടെ അധികവരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 16 ന് കിട്ടിയ വരുമാനം 7.22 കോടി രൂപ.

തൊട്ടുതലേന്നു 5.94 കോടിയായിരുന്നു കലക്ഷന്‍. സമരത്തിന്റെ രണ്ടാം ദിവസമായ 17 ന് ആണ് കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത് 7.85 കോടി. മൂന്നാം ദിവസം ഞായറാഴ്ച ആയതിനാല്‍ വരുമാനം കുറഞ്ഞു 6.69 കോടി. സമരത്തിന്റെ തീക്ഷ്ണത കൂടുതലായി അനുഭവപ്പെട്ട തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായത്.

8.50 കോടി. അങ്ങനെ നാലു സമരദിവസം കൊണ്ടു 30.26 കോടി രൂപയാണു കെഎസ്ആര്‍ടിസി സ്വരുക്കൂട്ടിയത്. ഫെബ്രുവരിയിലെ വരുമാനത്തിലും ഈ കുതിപ്പ് കാണാം. കെഎസ്ആര്‍ടിസി 111.20 കോടി, കെയുആര്‍ടിസി 9.11 കോടി എന്നിങ്ങനെ ഈ മാസം 19 വരെ കോര്‍പറേഷന്‍ ആകെ നേടിയത് 120.32 കോടി രൂപയാണ്.