കെഎഫ്‌സിയുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ പൂട്ടി

single-img
20 February 2018

ചിക്കന്‍ പ്രേമികളുടെ പ്രിയപ്പെട്ട കെ.എഫ്.സി റെസ്റ്റോറന്റുകള്‍ ബ്രിട്ടനിലെ നിരവധി ശാഖകള്‍ അടച്ചുപൂട്ടി. ചിക്കന്‍ സ്റ്റോക്ക് തീര്‍ന്നതോടെയാണ് അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ക്ക് പൂട്ടിയത്. ഇംഗ്ലണ്ടില്‍ ഉടനീളം ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകള്‍ ഉണ്ട്. ഇതില്‍ 300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത്.

തുറന്നു പ്രവര്‍ത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു. ചിക്കന്‍ വിതരണത്തിന് പുതുതായി കരാര്‍ എടുത്ത ഡിഎച്ച്എല്‍ കമ്പനിയുടെ വിതരണ സംവിധാനത്തില്‍ വന്ന പാളിച്ചയാണ് ഫ്രാഞ്ചൈസികളില്‍ സമയത്ത് വേണ്ടത്ര ചിക്കന്‍ എത്താതിരിക്കാന്‍ കാരണം.

കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്‌സിയുടെ പ്രവര്‍ത്തനം താളംതെറ്റിത്തുടങ്ങിയത്. അതുവരെ സൗത്ത് ആഫ്രിക്കന്‍ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്‌ലറ്റുകളില്‍ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാര്‍ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏല്‍പിച്ചതോടെയാണ് കാര്യങ്ങള്‍ തകരാറിലായത്.

ഇവര്‍ക്ക് രാജ്യത്തിന്റെ പലഭാഗത്തും അയര്‍ലന്‍ഡിലും ആവശ്യത്തിന് ചിക്കന്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ശാഖകള്‍ ഓരോന്നായി പൂട്ടേണ്ട സ്ഥിതിയായി. ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ആരെയും നിര്‍ബന്ധിക്കുന്നില്ല.

ജീവനക്കാര്‍ക്ക് ശമ്പളവും കൃത്യമായി നല്‍കുമെന്നാണ് കെഎഫ്‌സിയുടെ വിശദീകരണം. അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്‌സി അധൃകൃതര്‍. എന്നാല്‍ ഇക്കാര്യം ഇവര്‍ സ്ഥിരീകരിക്കുന്നില്ല. ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെ.എഫ്.സി തങ്ങളുടെ വെബ്‌സൈറ്റിലൂടെ മാപ്പ് പറഞ്ഞു.