പി.എന്‍.ബി തട്ടിപ്പില്‍ മൗനം വെടിഞ്ഞ് ജെയ്റ്റ്ലി; വഞ്ചകരെ പിന്തുടര്‍ന്ന് പിടികൂടും

single-img
20 February 2018


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഒടുവില്‍ പ്രതികരിച്ചു. വഞ്ചകരെ പിന്തുടര്‍ന്ന് പിടികൂടുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. അത് ഭരണസംവിധാനത്തിന്‍െറ ഉത്തരവാദിത്തമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഏഴ് വര്‍ഷമായി നടന്ന തട്ടിപ്പ് ബാങ്കിന്‍െറ അകത്തും പുറത്തുമുള്ള ഓഡിറ്റര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാതെ വന്നതിനെ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വയം പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

പി.എന്‍.ബിയെയോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിസിനസുകാരന്‍ നീരവ് മോദിയെയോ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. അസോസിയേഷന്‍ ഓഫ് ഡെവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്‍ ഏഷ്യ ആന്‍ഡ് പസഫിക്കിന്‍െറ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി. ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത് ശരിയായ രീതിയിലും ഫലപ്രദമായും വിനിയോഗിക്കാനാണെന്ന് മന്ത്രി ഓര്‍മ്മിച്ചിച്ചു.