കാര്യവട്ടം ക്യാമ്പസിലെ ഹൈമവതി കുളത്തിലെ ‘യക്ഷി’യെ തുരത്തി

single-img
20 February 2018

ഒരു കാലത്ത് ഏവരുടെയും പേടി സ്വപ്നമായിരുന്ന ഹൈമവതി എന്ന യക്ഷിയെ കാര്യവട്ടം ക്യാമ്പസില്‍ നിന്ന് തുരത്തി. ഇനി ക്യാമ്പസ് കുളത്തിനടുത്തേക്ക് പേടികൂടാതെ ആര്‍ക്കും കടന്നു ചെല്ലാം. കുളവും പരിസരവും വിദ്യാര്‍ത്ഥി സൗഹൃദ പാര്‍ക്കാകുകയാണ്.

പച്ചപ്പുല്‍ത്തകിടികളും, മനോഹരമായ പൂന്തോട്ടങ്ങളും, ഇരിപ്പിടങ്ങളുമാണ് ഇനി ഇവിടെ കാണാന്‍ കഴിയുക. ക്യാമ്പസിനുള്ളിലെ ഒഴിഞ്ഞ പ്രദേശമായ കുളവും പരിസരവും നേരത്തെ സാമൂഹ്യവിരുദ്ധരുടെ പതിവു താവളമായിരുന്നു. ക്രിമിനല്‍കേസ് പ്രതികളടക്കം ഒട്ടേറെ പ്രതികളെ ഇവിടെ നിന്നു പൊലീസ് പിടികൂടിയിട്ടുമുണ്ട്.

യക്ഷിക്കഥയുടെ പ്രചരണം മൂലം പകല്‍ സമയങ്ങളില്‍പോലും ആരും ഇവിടെക്ക് കടന്നു ചെല്ലാറില്ല. ഈ സാഹചര്യം മുതലെടുത്താണ് സാമൂഹ്യവിരുദ്ധര്‍ ഇവിടെ തമ്പടിച്ചത്. 1950കളില്‍ കാര്യവട്ടത്തു താമസിച്ചിരുന്ന സുന്ദരിയായ യുവതിയാണ് ഹൈമവതി.

അന്യജാതിക്കാരനുമായുള്ള തന്റെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് കുളത്തില്‍ ചാടി ഹൈമവതി ആത്മഹത്യ ചെയ്തു. അങ്ങനെയാണ് കുളത്തിനു ഹൈമവതി കുളം എന്ന് പേര് വന്നത്. ആഗ്രഹം പൂര്‍ത്തിയാകാതെ മരിച്ച ഹൈമവതിയുടെ ആത്മാവ് ഇപ്പോഴും ആ കുളത്തിനു പരിസരത്തു അലഞ്ഞു തിരിയുകയാണെന്നും ക്യാമ്പസ്സിലെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ ചില രാത്രികളില്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേള്‍ക്കാറുണ്ട് എന്നൊക്കെയായിരുന്നു മുന്‍പ് പ്രചരിച്ച കഥകള്‍.

മയക്ക് മരുന്നും മറ്റും ഒളിപ്പിച്ചു വെക്കുന്ന പ്രേദേശമാണ് കുളവും സമീപത്തെ കാടും. അവിടെ ആരും അങ്ങനെ കടന്ന് ചെല്ലാതിരിക്കാന്‍ പണ്ട് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയതാണ് ഈ യക്ഷിക്കഥയെന്നാണ് നാട്ടുകാര്‍ പറയുന്നത്.