മനോഹര്‍ പരീക്കറുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനെ ഗോവ പോലീസ് ചോദ്യം ചെയ്തു

single-img
20 February 2018


പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കി എന്നാരോപിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ പോലീസ് ചോദ്യം ചെയ്തു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് പരീക്കര്‍. അദ്ദേഹത്തിന് പാന്‍ക്രിയാറ്റൈറ്റിസ് അസുഖമാണ് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഹരീഷ് വോല്‍വോയിക്കര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ ഏതാനും മണിക്കൂര്‍ ചോദ്യം ചെയ്തതായി ഐ.ജി ജസ്പാല്‍ സിങ് അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. ഈ മാധ്യമപ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം ഗോവ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ അസുഖത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയെക്കുറിച്ച് സുനില്‍ ദേശായി എന്ന ബി.ജെ.പി നേതാവ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ദേശായിയെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

പ്രാദേശിക പരിപാടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാട്സാപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത സര്‍വീസിലെ മാധ്യമപ്രവര്‍ത്തകനാണ് ഹരീഷ് വോല്‍വോയിക്കര്‍. ഫെബ്രവരി 17 ന് ആണ് ആദ്യ വ്യാജ വാര്‍ത്ത പുറത്തുവന്നത്. അടുത്ത ദിവസം രണ്ടാമത്തെ വാര്‍ത്തയും വന്നു. വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.