പണ്ട് സ്ത്രീക്ക് ആകെ വിശ്രമം കിട്ടിയിരുന്നത് പ്രസവിച്ച് കിടക്കുമ്പോഴായിരുന്നു: അത് ഇന്നും ഒരു അനുഷ്ഠാനമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു: ‘ഗര്‍ഭിണിക്ക് ഒരു പ്രസവരക്ഷയും ആവശ്യമില്ല’

single-img
20 February 2018

പത്ത് മാസം ഗര്‍ഭം ചുമക്കുന്നതിനേക്കാളും കഷ്ടപ്പാടായിട്ടാണ് ഗര്‍ഭം കഴിഞ്ഞുള്ള കാലത്തെ പുതിയ അമ്മമാര്‍ കാണുന്നത്. ഭക്ഷണം തീറ്റിച്ച് കൊല്ലുന്നത് മുതല്‍ പ്രസവ രക്ഷ എന്ന പേരില്‍ അവളെ ശരിക്കും 90 ദിവസം ഒരു ചട്ടക്കൂടിനുള്ളില്‍ നിര്‍ത്തുകയാണ് ഒട്ടുമിക്ക കുടുംബങ്ങളിലും ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ നിജസ്ഥിതി എന്തെന്ന് വ്യക്തമാക്കുകയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഡോ. ഷിംനാ അസീസ്.

ഫേസ്ബുക്ക് പോസ്റ്റ്

പത്ത് മാസം കുഞ്ഞാവയെ വയറ്റില്‍ കൊണ്ടു നടക്കുമ്പോള്‍ മുറ്റമടിക്കാനും നെല്ല് കുത്താനും ചപ്പാത്തി കുഴക്കാനും പറയും. എല്ലാം കഴിഞ്ഞ് ഒരു വിധത്തില്‍ കഷ്ടപ്പെട്ട് പ്രസവിക്കുകയോ അതിലും എടങ്ങേറായി സിസേറിയന് വിധേയയാകുകയോ ചെയ്തു കഴിഞ്ഞാല്‍ പിന്നെ തുടങ്ങും ‘പ്രസവരക്ഷ’. കിടപ്പും ഇരിപ്പും നടപ്പും ഭക്ഷണം കഴിപ്പിക്കുന്നതില്‍ മല്‍സരിക്കലുമാണ് ഈ പരിപാടിയുടെ പ്രധാന അജണ്ട.

അത് പ്രകാരം അറ്റന്‍ഷനില്‍ കിടക്കുന്ന പുതിയ അമ്മയുടെ സൈഡില്‍ ഇച്ചിരി നേരം ഇരുന്ന് അവര്‍ക്ക് നമുക്ക് ഇന്നത്തെ #SecondOpinion വായിക്കാന്‍ കൊടുക്കാം. ആഹാ, അപ്പോഴെക്കും ചുറ്റുമുള്ളവര്‍ പറയുന്നത് കേട്ടോ? പ്രസവിച്ചു കിടക്കുന്ന പെണ്ണ് വായിക്കാന്‍ പാടില്ലാത്രേ! തൊണ്ണൂറു ഞരമ്പ് പൊട്ടിക്കിടക്കുന്നവളാണ്. എഴുന്നേറ്റ് നടക്കാന്‍ പാടില്ല, മുടി ചീകാന്‍ പാടില്ല, ഉറക്കെ ചിരിക്കാന്‍ പാടില്ല, നടക്കാന്‍ പാടില്ല…സര്‍വ്വത്ര ബഹളം! ഇതൊക്കെ ആരുണ്ടാക്കിയ കോലാഹലമാണോ എന്തോ…സര്‍വ്വത്ര അസംബന്ധം !

സത്യത്തില്‍ പ്രസവം എന്ന് പറയുന്ന സംഗതി വളരെ സ്വാഭാവികമായ ഒന്നാണ്. പത്ത് മാസം കൃത്യമായി ഡോക്ടറെക്കണ്ട്, വേണ്ട പ്രസവപൂര്‍വ്വ പരിരക്ഷ ലഭിച്ച ഗര്‍ഭിണിക്ക് നമ്മുടെ നാട്ടില്‍ സാമ്പ്രദായികമായി നല്‍കി വരുന്ന ഒരു പ്രസവരക്ഷയും ആവശ്യമില്ല.

നാല്‍പത് ദിവസം അനങ്ങാതെ കിടത്തുന്നത് അനാവശ്യമാണെന്ന് മാത്രമല്ല, അപകടകരവുമാണ്. ഇത്തരത്തില്‍ അനങ്ങാതെ കിടക്കുന്നത് വഴി കാലിലെ സിരകളില്‍ രക്തം കട്ട പിടിച്ചേക്കാം. ആ രക്തക്കട്ട ഹൃദയത്തിലേക്ക് നീങ്ങിയാല്‍ ഹൃദയസ്തംഭനത്തിന് പോലും കാരണവുമാകാം. ഇത് തടയാന്‍ വേണ്ടിയാണ് സിസേറിയന്‍ കഴിഞ്ഞ അമ്മയെപ്പോലും കഴിയുന്നത്ര വേഗം എഴുന്നേല്‍പ്പിച്ചു നടത്തുന്നത്.

വേണ്ടത് പേരിനല്‍പം വിശ്രമമാണ്. മലര്‍ന്ന് തന്നെ കിടക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എഴുന്നേറ്റ് നടക്കുന്നതിനോ പുറത്ത് പോകുന്നതിനോ വിലക്കുകള്‍ ആവശ്യമില്ല. സിസേറിയന്‍ കഴിഞ്ഞവര്‍ക്ക് വയറ്റില്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള വിലക്കുകളായ ഭാരമുയര്‍ത്തരുത്, പടികള്‍ കയറരുത്, തുമ്മലും ചുമയും ശ്രദ്ധിക്കണം തുടങ്ങിയവയെല്ലാം ബാധകമാണെങ്കില്‍ കൂടിയും അവര്‍ക്കും തുടര്‍ച്ചയായ ബെഡ് റെസ്‌റ്റൊന്നും ആവശ്യമില്ല.

പണ്ട് കാലത്ത് സ്ത്രീക്ക് ആകെ വിശ്രമം കിട്ടിയിരുന്നത് പ്രസവിച്ച് കിടക്കുമ്പോഴായിരുന്നു എന്നത് കൊണ്ട് അന്ന് ആനുകൂല്യം പറ്റിയ കിടപ്പാണ് ഇന്നും ഒരു അനുഷ്ഠാനമായി അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ‘പെറ്റു കിടക്കുന്ന പെണ്ണിന് പയ്ക്കാന്‍ പാടില്ല’ എന്നും പറഞ്ഞ് പുലര്‍ച്ചേ ആറരക്ക് തുടങ്ങും ഭക്ഷ്യാക്രമണം. പാലൂട്ടുന്ന അമ്മയ്ക്ക് ഇരുമ്പും കാല്‍സ്യവും ആവശ്യത്തിന് കിട്ടണം എന്നല്ലാതെ മുട്ടയും പാലും പൊടി കലക്കിയതും ആടും നാടന്‍കോഴിയും ഓരോ നേരവും വിളമ്പി കുത്തിനിറക്കണ്ട യാതൊരു ആവശ്യവുമില്ല.

പുരുഷാധിപത്യവും പട്ടിണിയും നിറഞ്ഞ പഴയ സമൂഹത്തില്‍ പെണ്ണിന് വല്ലതും രുചിയോടെ കഴിക്കാന്‍ കിട്ടിയിരുന്ന കാലത്തിന്റെ സ്മരണ പുതുക്കലാണിത്. പ്രസവരക്ഷ അമ്മക്ക് അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും ഡയബറ്റിസിനും അടിത്തറയിടുന്ന കാലമാകുന്നു എന്നതാണ് ദു:ഖസത്യം. ഭര്‍തൃവീട്ടുകാര്‍ വരുമ്പോള്‍ പെറ്റു കിടക്കുന്ന പെണ്ണ് ‘നന്നായോ’ എന്ന് നോക്കുമെന്ന് പേടിച്ച് ഗുസ്തി നടത്തി തീറ്റിക്കുമെന്ന് മാത്രം. ഇതിനെതിരെ ‘അഖിലകേരള പെറ്റു കിടക്കുന്ന പെണ്ണുങ്ങള്‍’ സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു !

ആയുര്‍വേദ ചികിത്സയെന്ന പേരില്‍ അങ്ങാടിക്കടയില്‍ പോയി എല്ലാവര്‍ക്കും ഒരേ മരുന്ന് വാങ്ങി കൊടുക്കുന്നതും തെറ്റാണ്. ഇത് ഞാന്‍ പറഞ്ഞതല്ല, പറഞ്ഞത് ആയുര്‍വേദം പഠിച്ചവരാണ്. ഓരോ അമ്മയും വ്യത്യസ്തയാണ്, രക്ഷ എന്ന് പേരിട്ട് സര്‍വ്വര്‍ക്കും ഒരേ കഷായവും ലേഹ്യവും വാങ്ങിക്കൊടുത്ത് ശിക്ഷിക്കരുത്. ആയുര്‍വേദമെന്ന് പേരിട്ടാല്‍ എന്തും ചെലവാകുന്ന രീതി പരീക്ഷിക്കേണ്ടത് അമ്മയിലും അവരുടെ പാലിലൂടെ അത് നേരിട്ട് ബാധിക്കുന്ന നവജാതശിശുവിലുമല്ല.

ഇത്തരം പ്രത്യേകമരുന്നുകള്‍ക്കും പ്രസവശേഷം പ്രസക്തിയില്ല. അമിതമായ ചൂടുള്ള വെള്ളമൊഴിച്ച് കുളിച്ചാല്‍ ഗര്‍ഭപാത്രം ചുരുങ്ങുമെന്ന് പറയുന്നതും വെറുതെ. വയറുചുരുങ്ങാനും വയറിനകത്ത് കാറ്റ് കടക്കാതിരിക്കാനുമെന്ന പേരില്‍ തുണികൊണ്ട് മുറുക്കിക്കെട്ടി ശ്വാസം മുട്ടിക്കുന്നതും, സിസേറിയന്റെ മുറിവില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത പോലും അവഗണിച്ച് കൊണ്ട് കുഴമ്പും മറ്റും തേക്കുന്നതും അമ്മയോട് ചെയ്യുന്ന ദ്രോഹമാണ്.

നന്നായി മുലയൂട്ടുന്ന അമ്മയ്ക്ക് ഗര്‍ഭപാത്രം ചുരുങ്ങാന്‍ ചൂടുവെള്ളത്തില്‍ പുഴുങ്ങേണ്ട ആവശ്യമൊന്നുമില്ല. പ്രസവശേഷമുള്ള കൃത്യമായ വ്യായാമത്തിലൂടെ ആവശ്യമുള്ള രൂപത്തിലേക്ക് ശരീരത്തെ തിരികെ കൊണ്ടുവരാവുന്നതേയുള്ളൂ. ചുരുക്കി പറഞ്ഞാല്‍, ഇമ്മാതിരി സീനൊന്നും വേണ്ട. നിങ്ങള്‍ പ്രസവിച്ച് കിടക്കുകയോ നടക്കുകയോ ഇരിക്കുകയോ ചെയ്യൂ. ലോകത്തെങ്ങുമില്ലാത്ത വീട്ടുതടങ്കല്‍ ഒന്ന് പ്രസവിച്ചതിന്റെ പേരില്‍ നമ്മളും അനുഭവിക്കണ്ടെന്നേ. കുഞ്ഞുവാവ വന്നത് നിങ്ങളുടെ ലോകത്തിന് നിറം കൂട്ടാനാണ്, നിറം കെടുത്താനല്ല.
.
വാല്‍ക്കഷ്ണം: പ്രസവശേഷം പാലൂട്ടുന്ന കാലം ആറ് മാസത്തോളം ആര്‍ത്തവം വരാതിരിക്കുന്നതിന് ‘ലാക്‌റ്റേഷന്‍ അമിനോറിയ’ എന്ന് പറയും. പക്ഷേ, ഈ കാലത്തും അണ്ഢവിസര്‍ജനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ, സുരക്ഷിതകാലമാണ് കുഞ്ഞുണ്ടാകൂല എന്നും കരുതി ആഘോഷിച്ച് ഉടനടി അടുത്ത ഗര്‍ഭമുണ്ടാക്കരുത്.

ഗര്‍ഭപാത്രം പൂര്‍വ്വസ്ഥിതിയിലെത്താന്‍ 45 ദിവസമെങ്കിലും എടുക്കും. സിസേറിയനാണെങ്കില്‍ കുറച്ച് ദിവസം കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്, അപ്പോള്‍ ബന്ധപ്പെടാതെ ഓളെ വെറുതെ വിട്ടേക്കുക. അതിനുശേഷം ആര്‍മാദം ഒട്ടും കുറയ്‌ക്കേണ്ട. ഓളോടും കുഞ്ഞുവാവയോടുമുള്ള തികഞ്ഞ ഉത്തരവാദിത്വത്തോടെ മതീന്ന് മാത്രം. ഓര്‍മ്മയുണ്ടല്ലോ, ഗര്‍ഭനിരോധനമാര്‍ഗം വളരെ പ്രധാനമാണ്.