നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാകുമെന്ന് ആന്ധ്ര മുഖ്യമന്ത്രി

single-img
20 February 2018


വിജയവാഡ: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാണെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. എന്നാല്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി അങ്ങനെ ഒരു നീക്കം അവസാന മാര്‍ഗമായിട്ടായിരിക്കും അവലംബിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ആന്ധ്രക്ക് വേണ്ടി പോരാട്ടം തുടരും. എന്നാല്‍, നീതി കിട്ടിയില്ലെങ്കില്‍ മറ്റു പാര്‍ട്ടികളെ ഒപ്പം കൂട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കും.’’-തെലങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.ആന്ധ്രക്ക് പ്രത്യേക പദവി ലഭിക്കണമെന്നതാണ് സംസ്ഥാനത്തിന്‍െറ പ്രധാന ആവശ്യം.

സംസ്ഥാനത്തെ പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ജനസേനയും അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെട്ടത് നേരത്തെ ചന്ദ്രബാബു നായിഡു തള്ളിയിരുന്നു. സംസ്ഥാനത്തിന് അര്‍ഹമായവ ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാന്‍ പദ്ധതിയിടുകയാണെന്ന് ടി.ഡി.പി. വൃത്തങ്ങള്‍ പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയുടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സഖ്യ കക്ഷിയാണ് ടി.ഡി.പി. ഇത്തവണത്തെ കേന്ദ്ര പൊതുബജറ്റില്‍ ആന്ധ്രയ്ക്ക് പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ വന്നതോടെയാണ് ടി.ഡി.പി ഇടയാന്‍ തുടങ്ങിയത്. മുന്നണി വിടുമെന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. പിന്നീട് അമിത് ഷായും രാജ്നാഥ് സിങ്ങുമെല്ലാം ഇടപെട്ടാണ് സമവായമുണ്ടാക്കിയത്.