പ്രിയ കണ്ണിറുക്കി കാണിച്ചപ്പോള്‍ പണി കിട്ടിയത് ബാബു ആന്റണിക്ക്

single-img
20 February 2018

പ്രിയ വാര്യര്‍ താരമായപ്പോള്‍ പണി കിട്ടിയ മറ്റൊരാളുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ബാബു ആന്റണി. ഒന്ന് കണ്ണിറുക്കി കാണിച്ചതിനെ തുടര്‍ന്ന് ലോകം മുഴുവന്‍ പ്രിയ താരമായപ്പോള്‍ മുതല്‍ ബാബു ആന്റണിക്ക് കുറച്ചധികം കോളുകളും മെസേജുകളും വന്നു.

‘ബാബു ചേട്ടാ പ്രിയയെ അറിയാമോ, പരിചയമുണ്ടോ’ എന്നൊക്കെ ചോദിച്ചായിരുന്നു വിളികള്‍. മലയാളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നുള്ള മാധ്യമങ്ങള്‍ വരെ തന്നെ വിളിച്ചുവെന്ന് ബാബു ആന്റണി പറയുന്നു. എന്നാല്‍ ആരാണ് പ്രിയ വാര്യരെന്നോ എന്താണ് പ്രിയയെ പ്രശസ്തയാക്കിയതെന്നോ ഒന്നും അതുവരെ അദ്ദേഹത്തിന് അറിയില്ലായിരുന്നു.

വിളിക്കുന്നവരോട് പ്രിയയെ അറിയില്ലെന്ന മറുപടി പറഞ്ഞുമടുത്തു. ഒടുവില്‍ ഗൂഗിളില്‍ നോക്കിയപ്പോഴാണ് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയ പ്രിയയെ കുറിച്ച് മനസിലായത്. പ്രിയയെ കുറിച്ച് അറിയാന്‍ ആളുകള്‍ ബാബു ആന്റണിയെ വിളിച്ചത് എന്തിനാണെന്നല്ലേ? അതിന് കാരണം പേരില്‍ സാദൃശ്യമുള്ള രണ്ട് സ്ഥലങ്ങളാണ്.

പൊന്‍കുന്നവും പൂങ്കുന്നവും. പ്രിയ തൃശൂര്‍ പൂങ്കുന്നംകാരിയാണ്. ബാബു ആന്റണി കോട്ടയം പൊന്‍കുന്നവും. ഈ രണ്ട് പേരുകളിലുമുള്ള സാമ്യം കാരണം ഇരുവരും ഒരേ നാട്ടുകാരാണ് എന്ന് തെറ്റിദ്ധരിച്ചാണ് പലരും അദ്ദേഹത്തെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തത്. എന്തായാലും പ്രിയയ്ക്ക് ബാബു ആന്റണി ആശംസകള്‍ നേരാന്‍ മറന്നില്ല.