‘ഇങ്ങനെയായാല്‍ വിഎസിനും ടിപിയുടെ ഗതി തന്നെ വരും’; ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് സിപിഎമ്മിന്റെ ‘സൈബര്‍ പോരാളി’; തെളിവായി ഫെയ്‌സ്ബുക്ക് പേജ്

single-img
20 February 2018

ഷുഹൈബ് വധക്കേസുമായി സിപിഎമ്മിന് ബന്ധമില്ലെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് പേജ്. സൈബര്‍ ഇടത്തിലെ സിപിഎമ്മിന്റെ കടുത്ത പ്രചാരകനായ ആകാശിന്റെ സുഹൃദ്പട്ടികയില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങള്‍ വരെയുണ്ട്.

ആകാശിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഭീഷണി മുഴക്കുന്ന നിരവധി സ്റ്റാറ്റസുകളാണ് ഉള്ളത്. അതിലൊന്ന് വിഎസിനെതിരെയാണ്. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി. ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതി വരുമെന്നായിരുന്നു പോസ്റ്റ്.

സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി. ആകാശിന്റെ പാര്‍ട്ടിക്കൂറു തെളിയിക്കുന്ന ആയിരക്കണക്കിന് പോസ്റ്റുകള്‍ വേറെയുമുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട ദിവസം ആകാശ് കുറിച്ചത് ഇങ്ങനെ. ശരിയാണ്, കതിരൂരില്‍ ഒരു വര്‍ഗീയവാദി കൊല്ലപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി ജയരാജനെ ആക്രമിച്ചതിന് തിരിച്ചടിയാണ് ഇതെന്ന വ്യക്തമായ സൂചനയും ഈ പോസ്റ്റിലുണ്ട്.

ചില പോസ്റ്റുകളില്‍ പി.ജയരാജനടക്കമുളള മുതിര്‍ന്ന നേതാക്കളെ ടാഗ് ചെയ്തിട്ടുമുണ്ട് ആകാശ്. സിപിഎമ്മുകാര്‍ പ്രതികളായ കേസിലെല്ലാം കൊലപാതകികളെ അനുകൂലിച്ച് നവമാധ്യമങ്ങളില്‍ സജീവമായിരുന്നു ആകാശ്. അതേസമയം ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആകാശ് ഞെട്ടിപ്പിക്കുന്ന കൊലവിളിയാണ് നടത്തുന്നത്. ഷുഹൈബിനെതിരായി കൊലപാതകത്തിന് ആഴ്ചകള്‍ക്കു മുന്‍പാണ് വീഡിയോ പുറത്തു വന്നത്. തില്ലങ്കേരിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിനീഷിനെ വധിച്ചകേസില്‍ പ്രതിയായ ആകാശ് മട്ടന്നൂരില്‍ ഒരു പ്രകടനത്തില്‍ വിനീഷിന്റെ കൊലക്കത്തി അറബിക്കടലില്‍ എറിഞ്ഞു കളഞ്ഞിട്ടില്ലെന്നും ഇനിയും കൈയും കാലും വെട്ടുമെന്നും വേണമെങ്കില്‍ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണുള്ളത്. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിന പ്രകടനത്തിലും ആകാശ് കൊലവിളി മുദ്രാവാക്യങ്ങളുമായെത്തി.