രാജസ്ഥാനില്‍ മുസ്ലിം തൊഴിലാളിയെ അടിച്ചുകൊന്ന പ്രതിയുടെ പുതിയ വിദ്വേഷ വീഡിയോ ഇന്‍റര്‍നെറ്റില്‍; ചിത്രീകരിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍

single-img
19 February 2018


ന്യൂഡല്‍ഹി: രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പശ്ചിമബംഗാള്‍ സ്വദേശിയായ മുസ്ലിം തൊഴിലാളിയെ ക്യാമറയ്ക്ക് മുന്നില്‍ അടിച്ചുകൊന്ന കേസിലെ പ്രതിയായ ശംഭുലാല്‍ റീഗറിന്‍െറ പുതിയ വിദ്വേഷ വീഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ വച്ച് ചിത്രീകരിച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതീവ സുരക്ഷയുള്ള ജയില്‍ സെല്ലില്‍ നിന്നുള്ള വീഡിയോ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വീഡിയോ ജയിലില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ച ജയില്‍ എ.ഡി.ജി.പി ഡോ. ഭുപേന്ദ്ര സിങ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പറഞ്ഞു. ജയില്‍ ഐ.ജി ആണ് അന്വേഷണം നടത്തുന്നത്.

ഡിസംബര്‍ ആറിനാണ് മുഹമ്മദ് അഫ്രാസുല്‍ എന്ന 50കാരനെ കൊന്ന് കത്തിച്ചത്. പുതിയ വീഡിയോയില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷപരമായി സംസാരിക്കുന്ന ശംഭുലാല്‍, ‘ജിഹാദി’കള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നുണ്ട്. തലമൂടുന്ന വസ്ത്രം ധരിച്ചിരിക്കുന്ന ഇയാള്‍ പേപ്പറില്‍ എഴുതിയ സന്ദേശം ക്യാമറക്ക് മുന്നില്‍ വായിക്കുകയാണ്. മുസ്ലിം തീവ്രവാദം, ലൗ ജിഹാദ്, കള്ളനോട്ട് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്. താന്‍ സംഗീതം ചെയ്ത ‘റീമിക്സ് ദേശഭക്തി ഭജന്‍’ ദിവസവും രണ്ട് നേരം കേട്ട് ദേശസ്നേഹം വളര്‍ത്താനും ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാവരും പിന്തുണക്കണമെന്നതാണ് ശംഭുലാലിന്‍െറ മറ്റൊരാവശ്യം.

രണ്ടാമത്തെ വീഡിയോയില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു ജയില്‍പുള്ളിയില്‍ നിന്ന് തന്‍െറ ജീവന് ഭീഷണിയുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, തന്‍െറ പ്രവൃത്തിയില്‍ പശ്ചാത്താപമൊന്നുമില്ലെന്ന് ശംഭുലാല്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയിലെ തീഹാര്‍ ജയില്‍ കഴിഞ്ഞാല്‍ ഏറ്റവും സുരക്ഷയുള്ളത് ജോധ്പൂര്‍ ജയിലിലാണ് എന്നതാണ് വിലയിരുത്തല്‍. ജയിലിലെ അതിസുരക്ഷയുള്ള മൂന്ന് ബരാക്കുകളില്‍ ഒന്നിലാണ് ശംഭുലാലിനെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, 4ജി സിഗ്നലുകള്‍ തടയുന്ന ജാമറുകള്‍ പോയിട്ട് മൊബൈല്‍ ഫോണുകള്‍ അകത്ത് കടത്തുന്നത് തടയാനുള്ള സംവിധാനം പോലും അവിടെ ഇല്ല എന്ന് ഈ വീഡിയോകള്‍ തെളിവ് നല്‍കുന്നു.
ഇത് കൂടാതെ, അയല്‍രാജ്യങ്ങളോടുള്ള ഇസ്രായേലിന്‍െറ പോളിസിയെക്കുറിച്ച് വീഡിയോയില്‍ ശംഭുലാല്‍ സംസാരിക്കുന്നത് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മെട്രിക്കുലേഷന്‍ പോലും പൂര്‍ത്തിയാക്കാത്ത ഇയാള്‍ക്ക് എഴുതാന്‍ അറിയില്ലെന്നാണ് അടുപ്പക്കാര്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയുള്ളയാള്‍ ഇസ്രായേലിനെക്കുറിച്ചും ഇന്ത്യയിലെ സുരക്ഷ സംവിധാനത്തെക്കുറിച്ചെല്ലാം എങ്ങനെ സംസാരിച്ചു എന്ന സംശയമാണ് സ്വന്തം നാട്ടുകാര്‍ക്ക്പോലുമുള്ളത് എന്നാണ് റിപ്പോര്‍ട്ട്.