ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വി.എസ്. അച്യുതാനന്ദന്‍

single-img
19 February 2018

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതകത്തെ വി.എസ്. അച്യുതാനന്ദന്‍ അപലപിച്ചു. ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി.എസ് പറഞ്ഞു. സ്വകാര്യ ബസ് സമരത്തില്‍ രമ്യമായ പരിഹാരാണ് ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമെന്ന് പോലീസ്. അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കൊലയാളി സംഘത്തിലെ അഞ്ചുപേരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഷുഹൈബിനെ കാണിച്ചു കൊടുത്തത് രണ്ടുപേരാണ്, ഒരാള്‍ ഡ്രൈവറായി ഇരുന്നു. മറ്റൊരാള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്നുപേര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി സംഘത്തിലുള്ളവര്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണ്.

ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതേസമയം, പ്രതികളില്‍നിന്നു നിര്‍ണായക മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു കൊലപാതകമെന്നു മൊഴിയില്‍ പറയുന്നു. പിടിയിലാകാനുള്ള രണ്ടു പേര്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാക്കളാണെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല ആക്രമിച്ചതെന്നുമാണു വെളിപ്പെടുത്തല്‍.

പ്രതികള്‍ക്കായി സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം പൊലീസ് പരിശോധന തുടരുകയാണ്. അതേസമയം ഡമ്മി പ്രതികളെയാണ് സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. യഥാര്‍ത്ഥപ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന രണ്ട് ദിവസത്തെ നിരാഹാരസമരം ഇന്ന് ആരംഭിക്കും.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു മരണം.