ഷുഹൈബ് വധം: അറസ്റ്റിലായത് യഥാര്‍ഥ പ്രതികള്‍ തന്നെയെന്ന് പോലീസ്

single-img
19 February 2018


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണെന്ന് പോലീസ്. കൊലപാതകം നടത്തിയവരാണ് പിടിയിലായതെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി. ഗൂഢാലോചന നടത്തിയവരാണ് ഇനി പിടിയിലാവാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പരോളിലിറങ്ങിയ ടി.പി. കേസ് പ്രതികള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
‘‘എം.വി. ആകാശ്, രജിന്‍ രാജ് എന്നീ പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. രണ്ടുപേരും സി.പി.എം പ്രവര്‍ത്തകരാണ്. ഇവര്‍ കീഴടങ്ങിയതാണെന്ന റിപ്പോര്‍ട്ട് ശരിയല്ല. കൃത്യമായി വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ ഡമ്മികളല്ല, യഥാര്‍ഥ പ്രതികളാണ്. എന്നാല്‍, അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തിയിട്ടില്ല. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം, പ്രതികള്‍ക്ക് ഇതിലുള്ള പങ്ക്, ഗൂഢാലോചന തുടങ്ങിയ വിഷയങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാനാകില്ല. ’’ -ഡി.ജി.പി വിശദമാക്കി.

കസ്റ്റഡിയിലുള്ളവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും പോലീസിന്‍െറ ശല്യം കാരണം കീഴടങ്ങിയവരാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ശരിയല്ലെന്ന് ഡി.ജി.പി പറഞ്ഞു. ശരിയായ പ്രതികളെയാണ് പിടിച്ചതെന്നതിന് തെളിവുകളുണ്ട്. യഥാര്‍ഥ പ്രതികളല്ലെന്ന ഷുഹൈബിന്‍െറ വീട്ടുകാരുടെ പ്രതികരണത്തിലും കാര്യമില്ലെന്ന് അദ്ദേഹം വിശദമാക്കി. ‘‘പോലീസിന് ലഭിച്ച വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. വീട്ടുകാരുടെ മൊഴിയെടുത്തത് മൂന്നു ദിവസം കഴിഞ്ഞാണെന്ന് പറയുന്നത് തെറ്റാണ്. ആദ്യ ദിവസം മഫ്തി പോലീസ് വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. പോലീസില്‍ വിശ്വാസമില്ലെങ്കില്‍ മറ്റേത് ഏജന്‍സിക്കും കേസ് കൈമാറാവുന്നതാണ്. മറ്റ് സ്ഥലങ്ങളിലെ പോലീസിനെ വേണമെങ്കില്‍ അങ്ങനെയുമാകാം. അന്വേഷണ സംഘത്തില്‍ ഭിന്നതയോ പുറത്തുനിന്നുള്ള സമ്മര്‍ദ്ദമോ ഇല്ല. പോലീസില്‍ നിന്നാണ് റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് വിശ്വസിക്കുന്നില്ല. പോലീസിന് വിവരങ്ങള്‍ ലഭിക്കുന്നത് പോലെ കുറ്റവാളികള്‍ക്കും ലഭിക്കും. അതുകൊണ്ടാണ് റെയ്ഡ് വിവരം ചോര്‍ന്നത്. നിലവില്‍ യു.എ.പി.എ വകുപ്പ് കേസില്‍ ചേര്‍ക്കേണ്ട ആവശ്യമില്ല. കൂടുതല്‍ പ്രതികള്‍ പിടിയിലായതിന് ശേഷം ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ’’- രാജേഷ് ദിവാന്‍ പറഞ്ഞു.